രണ്ടാം കര്‍ഷകസമരം പതിനൊന്നാം ദിവസത്തില്‍; നേതാക്കള്‍ക്കെതിരേ ദേശസുരക്ഷാ നിയമം
താങ്ങുവില നിയമപരമാക്കണമെന്നും കാർഷിക കടങ്ങള്‍ ഇളവുചെയ്യണമെന്നതുമടക്കം ആവശ്യങ്ങളുമായി പ്രഖ്യാപിച്ച രണ്ടാം കർഷക സമരം വെള്ളിയാഴ്ച പതിനൊന്നാം ദിവസത്തില്‍.
രാജ്യതലസ്ഥാനം വളയാൻ ലക്ഷ്യമിട്ട് പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാർച്ച്, ബുധനാഴ്ചത്തെ പോലീസ് നടപടിയില്‍ യുവകർഷകൻ കൊല്ലപ്പെട്ടതോടെ രണ്ടുദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. സമരത്തിന്റെ തുടർനീക്കങ്ങള്‍ നേതാക്കള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ, പഞ്ചാബ് അതിർത്തികളില്‍ കർഷകസമരം നടത്തുന്ന നേതാക്കള്‍ക്കെതിരേയും പ്രതിഷേധക്കാർക്കെതിരേയും ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ.) ചുമത്താൻ ഹരിയാണ പോലീസ് തീരുമാനിച്ചു. സമരത്തിന്റെ പേരില്‍ ക്രമസമാധാനം തകർക്കുകയാണെന്നും പൊതുമുതല്‍ നശിപ്പിക്കുകയാണെന്നും അംബാല ജില്ലാ പോലീസ് പ്രസ്താവനയിറക്കി.