സുരേഷ്ഗോപിയുടെ തൃശൂർ അല്ല, ഇനിയിത് മുരളീധരൻറെ തൃശൂർ; പദ്മജയെ ബിജെപിയിലേക്ക് ചാടിച്ചതിൻറെ കണക്ക് തീർക്കാൻ കോൺഗ്രസ്സ്
പാർലമെന്റ് ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്ത് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിൽ കോൺഗ്രസ്സിൽ അമർഷം പുകയുകയാണ്. അതിന് പിന്നിലെ ചരട് വലികൾ നടത്തിയത് ആരെന്നും അവർ അന്വേഷിക്കുന്നുണ്ട്. പത്മജയെ ബിജെപിയിലെത്തിച്ചതില് ചുക്കാന്‍ പിടിച്ചത് സുരേഷ് ഗോപി ആണെന്നാണ് അവരുടെ കണ്ടെത്തൽ. ദേശീയതലത്തിൽ പത്മജക്ക് അർഹമായ സ്ഥാനം ലഭിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട് എന്നാണ് പറയുന്നത്. സുരേഷ്ഗോപിക്ക് വേണ്ടി പ്രചാരണത്തിനായി തൃശൂരിൽ പത്മജ മുന്നിൽ ഉണ്ടാകുമെന്നാണ് പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തൃശൂരില്‍ മത്സരിച്ചത് പത്മജയാണ്. സുരേഷ് ഗോപിയായിരുന്നു അപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി. എന്നാൽ അന്ന് തൃശൂരില്‍ ജയിച്ചത് സിപിഐ ആയിരുന്നു. കോൺഗ്രസ്സിലെ ഐ ഗ്രൂപ്പിൽ പത്മജക്കുള്ള സ്വാധീനം തൃശൂരിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.
എന്നാൽ വളരെ തന്ത്രപരമായ ഒരു നീക്കാൻ കോൺഗ്രസ്സ് ഇപ്പോൾ നടത്തിയിരിക്കുകയാണ്. വടകരയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന കെ മുരളീധരൻ തൃശൂരിലേക്ക് എത്തുകയാണ്. വടകരയിൽ ഷാഫി പറമ്പിൽ അല്ലെങ്കിൽ ടി സിദ്ദിഖ് സ്ഥാനാർത്ഥിയാകും എന്നാണ് പറയുന്നത്. തൃശ്ശൂരിലെ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഇടപെടൽ കാരണമാണ് പത്മജ പാർട്ടി വിട്ടതെന്നാണ് കോൺഗ്രസ്സിന്റെ കണ്ടെത്തൽ. എന്ത് വില കൊടുത്തും സുരേഷ്ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ തന്നെയാണ് അവരുടെ തീരുമാനം. പത്മജയുടെ സഹോദരൻ മുരളീധരനെ തൃശൂരിൽ ഇറക്കുന്നത് മികച്ച രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തുന്നത്.
എതിരാളി ആരായാലും കുഴപ്പമില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനില്‍ കുമാർ ഇതിനിടെ പറഞ്ഞ് കഴിഞ്ഞു. പ്രതാപനായാലും, മുരളീധരനായാലും ഇടതുപക്ഷം വിജയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും സുനില്‍ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ്ഗോപി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
എന്തായാലും കെ മുരളീധരൻ എത്തുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് തൃശൂർ സാക്ഷി ആവുകയാണ്. മുരളീധരന്റെ വരവ് ക്ഷീണം ഉണ്ടാക്കുന്നത് ബിജെപി സ്ഥാനാർത്ഥിക്ക് തന്നെയാണ്. ഇടത് മുന്നണിയുടെ വോട്ടുകൾ ഭൂരിഭാഗവും ഉറച്ച വോട്ടുകൾ ആണെന്ന് തന്നെ പറയേണ്ടി വരും. ഓരോ ഇലക്ഷനിലും ബിജെപിക്ക് ലഭിക്കുന്ന അധിക വോട്ടുകൾ ചോരുന്നത് കോൺഗ്രസ്സിൽ നിന്ന് തന്നെയാണ്. ഇത്തവണ തൃശൂർ പിടിക്കാമെന്ന സുരേഷ് ഗോപിയുടെ വിശ്വാസത്തിന് മങ്ങൽ ഏൽക്കുകയാണ് മുരളീധരന്റെ വരവോടെ. കോൺഗ്രസ്സിന്റെയും മുരളീധരന്റെയും ലക്ഷ്യവും അത് തന്നെയാണ്. സുരേഷ്ഗോപിയുടെ തോൽവി ഉറപ്പാക്കുക. ബിജെപിക്ക് കുത്താനായി, കോൺഗ്രസ്സിലെ ആടിഉലഞ്ഞ് നിൽക്കുന്ന വോട്ടുകൾ മുരളീധരന്റെ വരവോടെ ഏറെക്കുറെ ഇല്ലാതാകും. പ്രചാരണത്തിന് പത്മജ എത്തുന്നത്തോടെ, കോൺഗ്രസിന് വാശി കൂടും. അതിൽ കോട്ടം സംഭവിക്കുന്നത് സുരേഷ്ഗോപിക്ക് തന്നെ ആയിരിക്കും. ഒരിക്കൽ കൂടി തെരഞ്ഞെടുപ്പിലെ വിജയം എന്നത് സുരേഷ്ഗോപിക്ക് കിട്ടാക്കനി ആവുകയാണ്. സുനിൽ കുമാർ അല്ലെങ്കിൽ മുരളീധരൻ എന്ന നിലയിലേക്കാണ് കാര്യങ്ങൾ മാറുന്നത്..
അതുകൂടാതെ വിവാദപരമായ പ്രസ്താവനകളും, സിനിമ സ്റ്റൈലിലുള്ള ആക്ഷനും ഡയലോഗുമായി സുരേഷ്ഗോപി സ്വയം അപഹാസ്യനായി മാറുന്നുമുണ്ട്..