കേരളത്തിൽ താമര വിരിയിക്കാതെ കാത്ത ഷാഫി പറമ്പിൽ; ഇടത് മുന്നണി പോലും കയ്യടിച്ച ഷാഫി ഹീറോയാണ്
വടകരയില്‍ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് എം കെ രാഘവൻ. അർധരാത്രി തന്നെ വിളിച്ച് ഷാഫി കരഞ്ഞെന്നാണ് രാഘവൻ പറയുന്നത്. എന്നാല്‍ പിന്നീട് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണെന്നും രണ്ട് ലക്ഷം ഭൂരിപക്ഷത്തില്‍ അദ്ദേഹം വടകരയില്‍ വിജയിക്കുമെന്നും രാഘവൻ പറഞ്ഞു.
വടകരയിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ലഭിച്ച വമ്പൻ സ്വീകരണം കോണ്‍ഗ്രസിന് നല്കിയ ഉണര്‍വ് ചെറുതല്ല. കെ കെ ശൈലജ എന്ന ജനപ്രീതിയുള്ള കമ്യൂണിസ്റ്റ് നേതാവിനെ നേരിടാന്‍ കെ മുരളീധരന് വടകരയില്‍ കഴിയുമോ എന്നുപോലും സംശയം ഉയർന്ന അവസരത്തിലാണ് മുരളീധരനെ മാറ്റി പകരം ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഈ തീരുമാനം ഒരു കൈവിട്ട കളിയായി തന്നെ പലരും വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ പുതിയ അടവ് തെറ്റിയിട്ടില്ല എന്നതിന്റെ സൂചനയാണ് ഇന്നലെ വൈകീട്ട് വടകര ടൗണില്‍ കണ്ട സ്വീകരണം.
ഷാഫി പറമ്പിലിന്റെ വടകരയിലേക്കുള്ള കടന്നുവരവ് ഒരു തരത്തിൽ ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. 2019 ല്‍ കെ മുരളീധരന് വടകരയിലെത്തിയതും ഇതുപോലെ ആയിരുന്നു. അന്നത്തെ സിറ്റിങ് എം പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ വടകരയില്‍ കോൺഗ്രസ്സിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താൻ ആയിരുന്നില്ല. എതിർ വശത്ത് സിപിഎമ്മിലെ കരുത്തനായ പി ജയരാജന് ആയിരുന്നു സ്ഥാനാര്‍ത്ഥി. ടി പി വധക്കേസ് വിഷയത്തിൽ ശക്തമായ എതിര് വികാരമുള്ള മണ്ഡലത്തിൽ പി ജയരാജനെ നിയോഗിച്ച് പ്രതിസന്ധി മറികടക്കാനായിരുന്നു സിപിഎം ശ്രമം. പി സതീദേവിയെ അട്ടിമറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് പിടിച്ചെടുത്ത വടകരയിൽ ഒരു പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. അപ്പോളാണ് മുരളീധരൻ എത്തുന്നത്. വടകരയിൽ മത്സരിക്കാൻ വേറെ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായിരുന്നില്ലെന്ന് മുരളീധരന് തന്നെ പറഞ്ഞിട്ടുണ്ട്.
കെ കെ രമയുടെ സജീവ പിന്തുണയും കെ മുരളീധരന് ലഭിച്ചു. കൊലപാതകരാഷ്ട്രീയം ഇനി കേരളത്തിൽ വാഴില്ലെന്ന ഉറപ്പോടെ ആയിരുന്നു മുരളിയുടെ പ്രചാരണം. ജയരാജനെ 84633 വോട്ടിന് തോൽപ്പിച്ചാണ് മുരളീധരൻ വടകരയിൽ വിജയക്കൊടി പാറിച്ചത്.
അന്ന് മുരളീധരൻ ലഭിച്ച സ്വീകരണം തന്നെയാണ് ഇന്നലെ ഷാഫിക്കും ലഭിച്ചത്. കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഷാഫി ബിജെപിയുടെ മെട്രോമാൻ ശ്രീധരനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് പാലക്കാട്. വിജയത്തിനായി ഷാഫിയെ സഹായിച്ചത് മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള വ്യക്തിപരമായ അടുപ്പംതന്നെയായിരുന്നു. ഷാഫിയുടെ അന്നത്തെ വിജയത്തിൽ സിപിഎം നേതാക്കൾ പോലും അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. കേരളത്തിൽ താമര വിരിയിക്കാതെ ഇരിക്കാൻ ഷാഫിയുടെ ഉജ്വല പോരാട്ടമാണ് കാരണമായതെന്ന് പല നേതാക്കളും തുറന്ന് പറഞ്ഞിരുന്നു.
മണ്ഡലത്തിലെ വോട്ടർമാരോടുള്ള അടുപ്പം കൊണ്ടാണ് വാടകരയിലേക്ക് പോകാൻ ആദ്യം സങ്കടം തോന്നിയതെന്ന് ഷാഫി പറയുന്നു. പിന്നീട നേതാക്കന്മാർ കാര്യങ്ങൾ വിശദമായി പറഞ്ഞതോടെ ആവേശത്തോടെയാണ് താൻ വടകരയിൽ എത്തിയതെന്നും അദ്ദേഹം പറയുന്നു. ടി പി ചന്ദ്രശേഖരന്റെ സ്മാരകത്തിൽ നിന്നാണ് ഷാഫി തന്റെ പ്രചാരണം തുടങ്ങുന്നത്. വടകരയിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും ടിപി എന്നത് മറക്കാനാകാത്ത വികാരമാണ്. കെ കെ രമയുടെ ശക്തമായ പിന്തുണ കൂടെയാകുമ്പോൾ ഷഫീക്ക് പേടിക്കേണ്ടതില്ല. ശൈലജ ടീച്ചറുടെ ജനസമ്മതിയും ക്ളീൻ ഇമേജൂം വോട്ടുകൾ നേടുമെങ്കിലും, ടിപി വധം മുഖ്യ പ്രചാരണവിഷയമായി ഷാഫി പറമ്പിലും കോൺഗ്രസ്സും ഏറ്റെടുക്കുന്നതിലൂടെ വടകരയിൽ മത്സരം തീ പാറുമെന്നുറപ്പാണ്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ പാലക്കാട് ബിജെപിയുടെ ഏക പ്രതീക്ഷ തല്ലിക്കെടുത്തിയ ഷാഫിയുടെ മറ്റൊരു ഉജ്ജ്വല പോരാട്ടമായിരിക്കും വടകരയിൽ നടക്കാൻ പോകുന്നത്.