പരിക്കേറ്റ മമത ആശുപത്രി വിട്ടു
വീണ് പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ഡിസ്ചാര്‍ജായത്.
ഇന്നലെ രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ എത്തിച്ചത്. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വീടിനുള്ളില്‍ കാല് വഴുതി വീണതാകാമെന്ന് ബംഗാളില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ നേതാക്കളെല്ലാം മമതയ്ക്ക് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു.