‘കടമെടുക്കാന്‍ കാട്ടുന്ന തിടുക്കം കേരളത്തെ അപകടത്തിലാക്കും’ ; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ നിരാകരിച്ച് കേന്ദ്രസര്‍ക്കാര്‍. കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഈ വര്‍ഷം കേരളം 56583 കോടി കടമെടുത്തിട്ടുണ്ട്. അതില്‍ 37572 കോടി കടമെടുത്തത് പൊതുവിപണിയില്‍ നിന്നാണ്. അടുത്തവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുക 33597 കോടിയാണെന്നും ഇപ്പോള്‍ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടിയാണെന്നും കേന്ദ്രം പറഞ്ഞു.
കേരളത്തിന് 5000 കോടി മാത്രം കടമെടുക്കാന്‍ അനുവാദം നല്‍കാമെന്നും 5000 കോടി അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കുറയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 3642 കോടി ഒരു മാസം കടമെടുക്കുന്ന സംസ്ഥാനത്തിന് പിന്നീട് കടമെടുക്കാനുള്ള അര്‍ഹത ഏകദേശം 2000 കോടി മാത്രമായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.