മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി; എൻ്റെ അമ്മ താലിമാല ത്യജിച്ചത് ഈ രാജ്യത്തിന് വേണ്ടി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ”മംഗല്യസൂത്ര” പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.
രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞതില്‍ 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചുവെന്നും ഇതിനിടയില്‍ സ്വത്തുവകകളോ അവരുടെ താലിമാലകളോ ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ബെംഗളൂരുവില്‍ പ്രിയങ്ക ഗാന്ധി ചോദിച്ചു. ഈ രാജ്യത്തിന് വേണ്ടിയാണ് തൻ്റെ അമ്മ അവരുടെ താലിമാല ത്യജിച്ചതെന്ന് പറഞ്ഞ പ്രിയങ്ക, തൻ്റെ മുത്തശ്ശി യുദ്ധകാലത്ത് അവരുടെ സ്വര്‍ണാഭരണങ്ങള്‍ നല്കിയതും ഈ രാജ്യത്തിന് വേണ്ടിയാണെന്ന് കൂട്ടിച്ചേർത്തു.
മോദി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ലായെന്നും വിദ്വേഷ പരാമര്‍ശങ്ങളായിരുന്നുവെന്നും പറഞ്ഞ അവർ ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും ചോദിച്ചു.