ഒഡീഷയില്‍ എസ്ഐആര്‍ അവസാനിച്ചു; ഒഴിവാക്കിയത് 20 ലക്ഷത്തോളം പേരെ
ഒഡീഷയിലെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം അവസാനിച്ചതോടെ 20 ലക്ഷത്തോളം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. ആകെ 3.16 കോടി വോട്ടര്‍മാരില്‍ 1.61 കോടി പേര് പുരുഷന്മാരും 2,774 പേര് ഭിന്നലിംഗക്കാരുമാണെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ആര് എസ് ഗോപാലന് പറഞ്ഞു. മെയ് 30 മുതല്‍ സംസ്ഥാനത്തുടനീളം രണ്ട് ഘട്ടങ്ങളിലായി നടത്തിയ പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടി, തിങ്കളാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ സമാപിച്ചതായി അദ്ദേഹം വിശദീകരിച്ചു.
എസ്ഐആറിന് മുമ്പ് സംസ്ഥാനത്ത് ഏകദേശം 3.34 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 5-ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് 3.13 കോടിയായി കുറഞ്ഞു. വിവരശേഖരണ ഘട്ടത്തില്‍ (മെയ് 30 മുതല്‍ ജൂണ്‍ 28 വരെ), ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാണ് വോട്ടര്‍മാര്‍ക്ക് ഫോമുകള്‍ വിതരണം ചെയ്തത്. ആകെ വോട്ടര്‍മാരില്‍ 93.97 ശതമാനം പേരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ 3,13,87,034 ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയതായാണ് സിഇഒ പറഞ്ഞത്. വിവരശേഖരണ ഫോമുകള്‍ ലഭിക്കാത്ത ബാക്കി 20,12,557 വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി.













