‘മോദി പറഞ്ഞത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം’; പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുമാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ‘ഗുരുഗ്രന്ഥ സാഹിബ്’ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാരെടുത്ത നടപടികള്‍ അദ്ദേഹം പരാമർശിച്ചതും ചട്ടലംഘനമല്ലെന്നും കമ്മീഷൻ പറഞ്ഞു. ഈ മാസം ഒമ്ബതിന് ഉത്തർപ്രദേശിലെ പിലിഭിത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് നടത്തിയ പരാമർശം മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് കമ്മിഷന് പരാതി ലഭിച്ചത്.
സുപ്രീംകോടതി അഭിഭാഷകൻ ആനന്ദ് ജോണ്ഡെയ്ലാണ് കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ തീരുമാനം വൈകിയതില്‍ ആനന്ദ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം നരേന്ദ്രമോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഈ ആഴ്ച പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തില്‍ പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.