മെമ്മറി കാര്‍ഡ് നഷ്ടമായത് അന്വേഷിക്കുമെന്ന് മന്ത്രി; പാര്ട്ടിക്കാര് എടുത്ത് മാറ്റിയെന്ന് ഡ്രൈവര്‍
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എല്‍.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ദൃശ്യങ്ങള്‍ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാണാതായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.ബി.
ഗണേഷ് കുമാർ. എന്നാല്‍, സി.പി.എമ്മുകാർ എടുത്ത് മാറ്റിയെന്ന് ഡ്രൈവർ യദു പറയുന്നു. ഇതിനിടെ, ഇവിടെയുള്ള മറ്റുബസുകളിലെല്ലാം മെമ്മറി കാർഡ് ഉണ്ട്.ഇതില്‍ മാത്രം എന്തുകൊണ്ടില്ലാതായെന്ന് അന്വേഷണത്തിലൂടെ മാത്രമെ മനസിലാകൂവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് പൊലീസ് പരിശോധിച്ചപ്പോള്‍ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കണ്ടെത്താൻ കഴിയാത്തതിനാല്‍ ബസിനുള്ളിലെ ദൃശ്യങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി. ടെക്നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറില്‍ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കില്‍ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.
ബസിനുള്ളില്‍ കയറി സച്ചിൻദേവ് എം.എല്‍.എ യാത്രക്കാരെ ഇറക്കിവിട്ടോ എന്ന് പറഞ്ഞുവെന്ന ആരോപണമുള്‍പ്പെടെ നിർണായകമായ തെളിവുകളാണ് ഇതോടെ ലഭിക്കാതായത്. ഇതോടെ യദു നല്കിയ പരാതിയില്‍ നടപടി അനിശ്ചിതത്വത്തിലാണ്. ഇതിനിടെ, സംഭവസമയത്ത് തർക്കം മൊബൈലില്‍ ചിത്രീകരിച്ചയാളോട് മേയർ അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന രംഗം പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ മേയർക്കെതിരായ തെളിവാകുമെന്നതിനാലാണ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ഇതേകാരണത്താലാണ് ബസിലെ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.