മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു; ആശങ്ക വര്‍ധിക്കുന്നു
മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് ചികിത്സയിലിരിക്കെ മരിച്ചത്.
മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറം ജില്ലയില്‍ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്.
മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. ജനുവരി മുതല്‍ ഇങ്ങോട്ട് 3184 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി.1032 പേരില്‍ രോഗം സ്ഥിരീകരിച്ചു. നിലമ്ബൂർ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.
പോത്തുകല്‍,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്.