അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം
ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. ജില്ലയില്‍ ഇന്നും തിങ്കളാഴ്ചയും റെഡ് അലർട്ട് നിലനില്‍ക്കുന്നതിനാലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്തുമാണ് ഇന്നുമുതല്‍ രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചത്.
അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണ് നിയന്ത്രണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം നിർദേശം നല്കി. ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും ഇന്നും തിങ്കളാഴ്ചയും കൊളുക്കുമല ജീപ്പ് സഫാരി ഉണ്ടായിരിക്കുന്നതല്ല.