ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്ന 49 മണ്ഡലങ്ങളില്‍ പരസ്യപ്രചാരണത്തിന് തിരശീല.
എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന മണ്ഡലങ്ങളില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകള്‍ക്കുപുറമേ കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന റായ്ബറേലിയും അമേഠിയും ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ചൂടേറിയ പ്രചാരണത്തിനാണ് വോട്ടർമാർ സാക്ഷ്യം വഹിച്ചത്.
പശ്ചിമബംഗാളിലെ വ്യവസായ മേഖലകളില്‍പ്പെടുന്ന ഏഴ് മണ്ഡലങ്ങളില്‍ ഇത്തവണ കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളില്‍ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റില്‍ കോണ്‍ഗ്രസും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യം ബിഹാറിലും തെരഞ്ഞെടുപ്പ് വേദികളെ ശബ്ദായമാനമാക്കി. സരണ്‍, മുസാഫർപുർ, ഹാജിപുർ, സീതാമർഹി, മധുബനി മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികളുടെ ജനവിധിയാണ് ഈ ഘട്ടത്തില്‍ കുറിക്കുന്നത്.
രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളില്‍ അഞ്ചാംഘട്ടത്തില്‍ 264 സ്ഥാനാർഥികളാണുള്ളത്. മുംബൈക്കു പുറമേ വടക്കൻ മഹാരാഷ്ട്രയിലും പ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ പരിസമാപ്തിയായി.