വെള്ളക്കെട്ടില്‍ കുടുങ്ങി കൊച്ചിയും തിരുവനന്തപുരവും; പൊതുജനം പെരുവഴിയില്‍
സംസ്ഥാനത്ത് മഴ ശക്തമായതോടെ നഗരപ്രദേശങ്ങളും രൂക്ഷമായ വെള്ളക്കെട്ടിന്റെ പിടിയിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് രാവിലെ ഓഫീസുകളില്‍ പോകാനിറങ്ങിയവരടക്കം വഴിയില്‍ കുടുങ്ങിയ അവസ്ഥയും ഉണ്ടായി. തിരുവനന്തപുരം ജില്ലയിലെ മുക്കോലക്കല്‍, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയ സ്ഥിതിയും ഉണ്ടായി.
ഓപ്പറേഷൻ അനന്ത അനന്തമായി നീണ്ടുപോയതിന്റെ ഭാഗമായി നഗരത്തിലെ ഓടകളെല്ലാം അടഞ്ഞ സ്ഥിതിയാണ് നിലവിലുള്ളത്. കനത്ത മഴയെ തുടർന്ന് മറ്റു ജില്ലകളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. കനത്ത മഴയില്‍ ആലപ്പുഴയില്‍ റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും അഗ്നിരക്ഷാസേനയുടെ തകഴിയിലെ ഓഫീസില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
വലിയ തോതിലുള്ള വെള്ളക്കെട്ടാണ് കൊച്ചിയിലെ വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കൊച്ചി ഇടപ്പള്ളിയില്‍ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തെ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത കുരുക്ക് രൂപപ്പെടുന്നതിനും കാരണമായിട്ടുണ്ട്. ഈ പ്രദേശങ്ങളിലൂടെ ഇരുചക്രവാഹനങ്ങള്‍ സുരക്ഷിതമായി സഞ്ചരിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
മഴ കേരളത്തില്‍ ശക്തി പ്രാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലർട്ട് മാറ്റം ഉണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ കാലവർഷം തെക്കൻ ആൻഡമാൻ കടലിലേക്ക് എത്തിയതോടെ മഴ സംസ്ഥാനത്ത് ഇനിയും നീണ്ടു പോകാനാണ് സാധ്യത.