കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡി.കെ ശിവകുമാർ രംഗത്ത്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃഗബലികളും നടന്നതായി വിവരം ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
കോൺഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരു നീക്കങ്ങൾക്കു രാഷ്ട്രീയ ശത്രുക്കൾ ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ് കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡികെ ശിവകുമാറിന്റെ ആരോപണം.
“കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്ന, ഇതിൽ പങ്കെടുത്തയാളാണ് രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ് ” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന വിശുദ്ധ നൂലിനെ എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു.
തനിക്കും മുഖ്യമന്ത്രിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം,(അഗ്നിബലി) പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തിയത്. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്.രാജ കണ്ടക, മരണ മോഹന സ്തംഭന യാഗങ്ങളാണ് സർക്കാരിനെതിരെ നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി വിവരം നൽകിയ ആളുടെ പേര് വെളിപ്പെടുത്താതെ വിശദീകരിച്ചു. ഒപ്പം യാഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.
ശിവകുമാർ ആരെയാണ് ലക്ഷ്യം വെക്കുന്നതെന്നു വ്യക്തമല്ലെങ്കിലും രാജ രാജേശ്വരി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ എതിർപാർട്ടിയിലെ നേതാക്കളിലേക്കാണ് ആരോപണത്തിന്റെ വിരൽ ചൂണ്ടുന്നത് . ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടക സർക്കാറിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്നുമുള്ള പ്രസ്താവനകൾ ബിജെപി നേതാക്കളിൽ നിന്നുണ്ടായിരുന്നു. നേതൃമാറ്റത്തെ ചൊല്ലി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് . ഈ പശ്ചാത്തലത്തിൽ ഡികെ ഉന്നയിക്കുന്ന ദുർമന്ത്രവാദ ആരോപണത്തിന്റെ അർഥം എന്താണെന്നു ചിന്തിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
കേരളത്തിൽ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങൾ നടന്നതെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് സർക്കാരിനെ താഴെ ഇറക്കാൻ നീക്കം നടത്തുന്നതും ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക് അറിയാമെന്നും അവരതിൽ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.