എട്ടുനിലയില്‍ പൊട്ടി എക്സിറ്റ് പോളുകള്‍; ശരിയോടടുത്തത് എ.ഐ പ്രവചനം മാത്രം
എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ ഫലം വന്നപ്പോള്‍ എട്ടുനിലയില്‍ പൊട്ടി.
എൻ.ഡി.എ സർക്കാർ 350 മുതല്‍ 415 വരെ സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നായിരുന്നു എല്ലാ പ്രമുഖ മാധ്യമങ്ങളുടെയും പ്രവചനം. ഇൻഡ്യ സഖ്യം 200 കടക്കുമെന്ന് ആരും പ്രവചിച്ചില്ല. 96 സീറ്റു മുതല്‍ 182 സീറ്റ് വരെയാണ് വിവിധ മാധ്യമങ്ങള്‍ ഇൻഡ്യക്ക് വിധിച്ചത്.
എന്നാല്‍, വോട്ടെണ്ണല്‍ അവസാന റൗണ്ടിലെത്തിയപ്പോള്‍ എൻ.ഡി.എ സഖ്യം 295ല്‍ താഴെ മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. ഇൻഡ്യയാകട്ടെ, 230ലേറെ സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. സീ ന്യൂസ് ചാനല്‍ നടത്തിയ എ.ഐ നിർമിത എക്സിറ്റ് പോള്‍ മാത്രമാണ് ഈ യാഥാർഥ്യത്തോട് അല്പമെങ്കിലും അടുത്ത് നില്‍ക്കുന്നത്. 305 മുതല്‍ 315 വരെ സീറ്റാണ് ഇവർ എൻ.ഡി.എക്ക് പ്രവചിച്ചത്. ഇൻഡ്യക്കാവട്ടെ, 180 മുതല്‍ 195 വരെയും പ്രവചിച്ചു.
ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ് സീ ന്യൂസ് ചാനല്‍. പ്രസ്തുത ചാനല്‍ രണ്ട് എക്സിറ്റ് പോളുകളാണ് അടുത്തടുത്ത ദിവസങ്ങളില്‍ പുറത്തുവിട്ടത്. ജൂണ്‍ ഒന്നിന് പുറത്തിറക്കിയ എക്സിറ്റ് പോളില്‍നിന്ന് തീർത്തും വ്യത്യസ്തമായ പ്രവചനങ്ങളായിരുന്നു ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിച്ച എ.ഐ എക്സിറ്റ് പോളില്‍ ഉണ്ടായിരുന്നത്.
ഒന്നാം പ്രവചനത്തില്‍ എൻ.ഡി.എക്ക് 353 മുതല്‍ 383 സീറ്റും ഇൻഡ്യ മുന്നണിക്ക് 152-182 സീറ്റുമായിരുന്നു പ്രവചിച്ചത്.