പക്ഷിപ്പനി; ആലപ്പുഴയില്‍ അരലക്ഷത്തിലേറെ പക്ഷികളെ കൊല്ലും
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെയും അതിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെയും വളർത്തുപക്ഷികളെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊന്നൊടുക്കും.
ജില്ലയിലാകെ 58,526 പക്ഷികളെയാണ് രണ്ടുദിവസത്തിനകം കൊല്ലുക. ഇതോടെ ജില്ലയില്‍ പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ എണ്ണം ഒന്നരലക്ഷം കടക്കും.
രോഗം സ്ഥിരീകരിച്ച് മൂന്നുദിവസം കഴിഞ്ഞാണ് പക്ഷിപ്പനിപ്രതിരോധം തുടങ്ങുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചാലുടൻ പക്ഷികളെ കള്ളിങ്ങിനു വിധേയമാക്കി രോഗം പടരാനുള്ള സാധ്യത ഒഴിവാക്കിയില്ലെന്നാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പക്ഷിപ്പനി വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതിനൊപ്പം കള്ളിങ് വൈകുന്നതും രോഗവ്യാപനം കൂട്ടിയിട്ടുണ്ടെന്നാണ് വിമർശനമുയരുന്നത്.
സംസ്ഥാനത്ത് മുൻകാലങ്ങളില്‍ താറാവുകള്‍ക്കു മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴത് കോഴികളില്‍ വ്യാപകമായി. കാക്കയ്ക്കും കൊക്കിനും പരുന്തിനുംവരെ രോഗം കണ്ടെത്തിയിട്ടും മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും വേണ്ടത്ര ഗൗരവം കൊടുത്തില്ലെന്നും വിമർശനമുയരുന്നുണ്ട്.