വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
കൊരട്ടി : മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. അങ്കമാലി വേങ്ങൂർ മഠത്തിപ്പറമ്ബില്‍ ഷിജി(44)യാണ് മരിച്ചത്.
പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.15-ന് ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. ഷിജിയാണ് സ്കൂട്ടറോടിച്ചിരുന്നത്.
സ്കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടറില്‍ ലോറി ഇടിച്ചതിനെത്തുടർന്ന് ഷിജി ലോറിക്കടിയിലേക്കു വീണു. ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറി. ഉടൻ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നുദിവസം മുൻപ് വിമാനത്താവള റോഡിലുണ്ടായ വാഹനാപകടത്തില്‍ മകൻ രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ട് രാഹുലിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്ക് സ്കൂട്ടറില്‍ കൊണ്ടുപോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടത്.
അങ്കമാലി മുനിസിപ്പല്‍ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിജി. ഭർത്താവ്: ഷാജു. മറ്റൂർ പനപറമ്ബില് കുടുംബാംഗമാണ്. മറ്റൊരു മകൻ: അതുല്‍ (കിടങ്ങൂർ സെയ്ന്റ് ജോസഫ് സ്കൂള്‍ പ്ലസ് ടു വിദ്യാർഥി). മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയില്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശാന്തിനിലയത്തില്‍.