പള്ളിക്കാടുകള്‍ വെട്ടിത്തെളിയിച്ച് നല്ല ചെടികള്‍ വെച്ചുപിടിപ്പിക്കണം, ഉറ്റവരുടെ ഖബര്‍ സന്ദര്‍ശിക്കാൻ സ്ത്രീകള്‍ക്ക് അനുമതി വേണം; അഭ്യര്‍ത്ഥനയുമായി കെ ടി ജലീല്‍ എം എല്‍ എ
പണ്ഡിതൻമാരോടും പള്ളിക്കമ്മിറ്റികളോടും രണ്ട് അഭ്യർത്ഥനകളുമായി കെ ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പള്ളിക്കാടുകള്‍ നന്നായി കാടുകള്‍ വെട്ടിത്തെളിയിച്ച് നല്ല ചെടികള്‍ വെച്ചുപിടിപ്പിച്ച് മനോഹരമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നെങ്കില്‍ അതൊരു വലിയ സേവനമാകുമെന്നും ഖബർസ്ഥാനുകള്‍ എന്ന് കേള്‍ക്കുമ്ബോള്‍ ആളുകള്‍ക്കുള്ള ഭയവും മാറിക്കിട്ടുമെന്നും ജലീല്‍ കുറിച്ചു. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പടെ കുടുംബ സമേതം അവരവരുടെ ബന്ധുമിത്രാദികള്‍ക്ക് പള്ളിപ്പറമ്ബില്‍ വന്ന് ഉറ്റവരുടെയും ഉടയവരുടെയും ഖബറുകള്‍ സന്ദർശിച്ച് പ്രാർത്ഥിക്കാൻ അസരമുണ്ടാക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം വ്യക്തമാക്കി. സ്വന്തം കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സ്ത്രീകള്‍ക്ക് അവസരം നല്കുന്നതില് യാതൊരു തെറ്റും ഉണ്ടാകാനിടയില്ല എന്നും ജലീല്‍ പറഞ്ഞു. ഈ രണ്ട് കാര്യങ്ങളിലും അനുകൂലമായ ഒരു തീരുമാനം പണ്ഡിതൻമാരില് നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും ജലീല്‍ വ്യക്തമാക്കി.
കെ ടി ജലീലിന്റെ പോസ്റ്റ്
പണ്ഡിതൻമാരോടും പള്ളിക്കമ്മിറ്റികളോടും രണ്ട് അഭ്യർത്ഥനകള്‍!
1) മസ്ജിദുകളോട് ചേർന്നാണ് കേരളത്തില്‍ ഖബർസ്ഥാനുകള്‍ സ്ഥിതി ചെയ്യുന്നത്. ഒരു മഹല്ലില്‍ (ഇടവക, കരയോഗം) അംഗത്വമുള്ളവർ, അവരുടെ ബന്ധുമിത്രാദികള്‍ മരണപ്പെട്ടാല്‍ മറവ് ചെയ്യുന്നത് പള്ളികളോട് അനുബന്ധിച്ച ശ്മശാനങ്ങളിലാണ്. ഉദാരമതികള്‍ വഖഫായി (ദൈവമാർഗ്ഗത്തില്‍) സംഭാവന ചെയ്ത ഭൂമിയും ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികള്‍ പിരിവെടുത്ത് പണം നല്കി വാങ്ങിയ ഭൂമിയുമാണ് ഒട്ടുമിക്ക സ്ഥലത്തും ഇതിനായി പ്രയോജനപ്പെടുത്തുന്നത്. പൊതുവെ ഖബർസ്ഥാനുകള്‍ (ശ്മശാനങ്ങള്‍) അറിയപ്പെടുന്നത് പള്ളിക്കാടുകള്‍ എന്നാണ്. പല മഹല്ല് കമ്മിറ്റികളും തെറ്റിദ്ധരിച്ചിരിക്കുന്നത് ഖബർസ്ഥാനുകള്‍ കാടുപിടിച്ചു കിടക്കുന്നതാണ് ഉത്തമം എന്നാണ്. ഈ ധാരണ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പള്ളിക്കാടുകള്‍ നന്നായി കാടുകള്‍ വെട്ടിത്തെളിയിച്ച് നല്ല ചെടികള്‍ വെച്ചുപിടിപ്പിച്ച് മനോഹരമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നെങ്കില്‍ അതൊരു വലിയ സേവനമാകും. നമ്മുടെ ഉറ്റവരും ഉടയവരും അന്തിയുറങ്ങുന്ന സ്ഥലത്തിൻ്റെ മുകള്ഭാഗം പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാൻ എത്ര മനോഹരമായിരിക്കും? ഖബർസ്ഥാനുകള്‍ എന്ന് കേള്‍ക്കുമ്ബോള്‍ അളുകള്‍ക്കുള്ള ഭയവും അതോടെ മാറിക്കിട്ടും. ഓരോരുത്തരുത്തരും അവരവരുടെ വേണ്ടപ്പെട്ടവർ അടക്കം ചെയ്യപ്പെട്ട സ്ഥലത്തിൻ്റെ മുകള്‍ഭാഗത്തുള്ള കളകള്‍ പറിച്ച് വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയാല്‍ മരണപ്പെട്ടവരോട് കാണിക്കുന്ന വലിയ ആദരവാകും അത്.
രണ്ടടി വീതിയില്‍ നടപ്പാതകള്‍ ഇട്ട് ഖബറുകള്‍ ഒരുക്കുകയും ആ ഒറ്റയടിപ്പാതകള്‍ നിർഭയവും അനായാസവുമായി നടക്കാൻ സൗകര്യപ്പെടുമാറ് സംവിധാനങ്ങള്‍ തീർക്കുകയും ചെയ്താല്‍ ഖബർ സന്ദർശനത്തിനത്തിന് എത്തുന്ന ബന്ധുമിത്രാദികള്‍ക്ക് വലിയ സൗകര്യമാകും. അതിന് വരുന്ന സാമ്ബത്തിക ബാദ്ധ്യത കൂട്ടായി വഹിച്ചാല്‍ മതിയാകും. ഏതാനും ആളുകള്‍ ഓരോ മഹല്ലിലും ഇതിനായി മുന്നിട്ടിറങ്ങിയാല്‍ എല്ലാവരും ആ പാത പിന്തുടരും. നമ്മള് താമസിക്കുന്ന വീടും പരിസരവും കാടുമൂടി ഭീതിതമായി കിടക്കുന്നത് നമ്മളിലാരെങ്കിലും ഇഷ്ടപ്പെടുമോ? അതുപോലെത്തന്നെയല്ലേ നമ്മുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ഖബറിടങ്ങള്‍?
2) രണ്ടാമത്തെ കാര്യം സ്ത്രീകള്‍ ഉള്‍പ്പടെ കുടുംബ സമേതം അവരവരുടെ ബന്ധുമിത്രാദികള്‍ക്ക് പള്ളിപ്പറമ്ബില്‍ വന്ന് ഉറ്റവരുടെയും ഉടയവവരുടെയും ഖബറുകള്‍ സന്ദർശിച്ച് പ്രാർത്ഥിക്കാൻ അസരമുണ്ടാക്കുന്നതിനെ സംബന്ധിച്ചാണ്. സ്വന്തം ഭർത്താവിൻ്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഖബറിടങ്ങള്‍ വന്നു കാണുന്നതിനും പ്രാർത്ഥിക്കുന്നതിനും നമ്മുടെ സഹോദരിമാർക്ക് നിലവില്‍ അവസരം ലഭിക്കുന്നില്ല. ഈയ്യടുത്ത് ഒരു ചിത്രം കാണാനിടയായി. അകാലത്തില്‍ പൊലിഞ്ഞ തൻ്റെ മകൻ്റെ ഖബറിടം സന്ദർശിക്കാനാകാതെ പള്ളിപ്പറമ്ബിൻ്റെ ചുറ്റുമതിലിന് പുറത്തു നിന്ന് ഒരു ഉമ്മ പ്രാർത്ഥിക്കുന്ന രംഗം. വല്ലാത്ത ഹൃദയവേദന തോന്നിയ നിമിഷമാണത്. മഹാൻമാരുടെ ദർഗ്ഗകള് സന്ദർശിക്കാൻ സ്ത്രീകള്‍ക്ക് അവസരമുണ്ടെങ്കിലും സ്വന്തം കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സ്ത്രീകള്‍ക്ക് അവസരം നല്കുന്നതില് യാതൊരു തെറ്റും ഉണ്ടാകാനിടയില്ല.
കുടുംബ ബന്ധം മനസ്സില്‍ രൂഢമൂലമാകാനും കുടുംബ സ്നേഹം അറ്റുപോകാതെ സൂക്ഷിക്കാനും ഇത് തീർച്ചയായും ഉപകരിക്കും. പെണ്മക്കള് മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ഇതൊരു വലിയ ആശ്വാസമാകും. പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പിതാവ് തൻ്റെ പെണ്‍കുട്ടികളുടെ ആവശ്യപ്രകാരം സ്വന്തം സ്ഥലത്ത് തൻ്റെ മയ്യിത്ത് (മൃതദേഹം) സംസ്കരിക്കാൻ വസിയ്യത്ത് നല്കി. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ പരേതൻ്റെ ആഗ്രഹം നിറവേറ്റി. പള്ളിപ്പറമ്ബില്‍ സംസ്കരിച്ചാല്‍ ഭാര്യക്കും പെണ്മക്കള്ക്കും തൻ്റെ ഖബർ (കുഴിമാടം) സന്ദർശിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് അങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടത്.
ഈ രണ്ട് കാര്യങ്ങളിലും അനുകൂലമായ ഒരു തീരുമാനം പണ്ഡിതൻമാരില് നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. മഹല്ല് ഖാളിമാരും കമ്മിറ്റികളും മേല്‍ സൂചിപ്പിച്ച രണ്ടു വിഷയങ്ങളിലും അനുകൂലമായി പ്രതികരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമുദായത്തിനകത്തെ നല്ല മനുഷ്യർ തീർത്തും ന്യായമായതും വിശ്വാസ വിരുദ്ധമല്ലാത്തതുമായ ടി കാര്യങ്ങള്‍ സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.