കടുത്ത ചൂടിലേക്ക് കടന്ന് കേരളം; പ്രതീക്ഷ തുലാവര്‍ഷത്തില്‍
സെപ്റ്റംബര്‍ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവര്‍ഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാല്‍ മഴ ദുര്‍ബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനല്‍ക്കാലമാകാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മഴക്കാല സീസണില്‍ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പുനലൂരില്‍ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം പിന്‍വാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം ആരംഭിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, എല്ലാം തെറ്റി. എല്‍നിനോ പ്രിതഭാസമാണ് വില്ലനായതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.













