160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കണം; കെ റെയിലിന് പകരം കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി
കേരളത്തിലെ അതിവേഗ റെയില്‍ യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി നടക്കില്ലെന്ന് ഉറപ്പാണ്.
റെയില്‍വേയുടെ കൂടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കിലും അതിന് താത്പര്യമില്ലെന്ന കാര്യം റെയില്‍വേ വ്യക്തമാക്കിയതാണ്. കെ റെയിലിന് ബദലായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതിയാണ് സംസ്ഥാനത്തെ മൂന്നാം റെയില്‍പാത. കേരളത്തില്‍ മൂന്നാം റെയില്‍ പാതയ്ക്കുള്ള സാദ്ധ്യത പഠനം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് റൂട്ടുകളാണ് മൂന്നാം പാതയ്ക്കായി പരിഗണിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ ഷൊര്‍ണൂര്‍ -എറണാകുളം പാലക്കാട് ഡിവിഷനിലെ ഷൊര്‍ണൂര്‍-മംഗളുരു, ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ എന്നീ പാതകളിലെ ആകാശ സര്‍വേ ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ഈ റൂട്ടുകളിലെ മണ്ണ് പരിശോധനയും ആരംഭിച്ചു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. ഈ റൂട്ടുകളില്‍ റെയില്‍ പാത സ്ഥാപിക്കുന്നത് സാമ്ബത്തികമായി നേട്ടമാണോ എന്ന കാര്യം പരിഗണിച്ച് റെയില്‍വേ ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കുന്നത്.
നിലവിലെ പാതയില്‍ കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ മാത്രമാണ് നൂറിന് മുകളില്‍ വേഗത്തില്‍ ഭൂരിഭാഗം ദൂരവും ഓടുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ പരമാവധി വേഗത 80 കിലോമീറ്റര്‍ ആണ്. ചില സ്ഥലങ്ങളില്‍ ഇത് 50 കിലോമീറ്ററിന് മുകളില്‍ അനുവദിക്കുകയുമില്ല. മൂന്നാമത് ഒരു പാത നിര്‍മിച്ച് അതിലൂടെ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാമെന്നാണ് റെയില്‍വേ കണക്ക് കൂട്ടുന്നത്.