ബൂം എക്സ്കവേറ്ററെത്തി മണ്ണ് നീക്കി തുടങ്ങി; അര്‍ജുനായുള്ള തിരച്ചില്‍ ഒമ്ബത് ദിവസം പിന്നിടുന്നു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചലിന് വേണ്ടി ബൂം എക്സ്കവേറ്ററെത്തിച്ചു. കൂറ്റൻ എക്സ്കവേറ്റർ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കി തുടങ്ങി.
61 അടി താഴ്ചയില്‍ വരെ മണ്ണെടുക്കാൻ കഴിയുന്ന യന്ത്രമാണിത്. രാവിലെ എത്തേണ്ടതായിരുന്നെങ്കിലും എക്സ്കവേറ്റർ കൊണ്ടു വരുന്ന വാഹനം വഴിയില്‍ തകരാറിലായതിനെ തുടർന്നാണ് വൈകിയത്. ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ഹുബ്ബള്ളി കാര്‍വാര്‍ പാതയിലാണ് എക്സ്കവേറ്റർ കുടുങ്ങിയത്. കൂടാതെ, ഗംഗാവാലി പുഴയില്‍ ചെറുബോട്ടുകള്‍ ഉപയോഗിച്ച് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
തിരച്ചിലിനായി ഡ്രോണ്‍ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അത്യാധുനികമായ സംവിധാനമായ ‘ഐബോഡ്’ നാളെ ഉച്ചയോടെ എത്തുമെന്നാണ് വിവരം. ഐബോഡ്( ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍) ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം. വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ബാറ്ററി രാജധാനി എക്സ്പ്രസിലാണ് കൊണ്ടുവരുന്നത്.
അതേസമയം, ഷിരൂരിലെ അപകടത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോടെ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി വിശദീകരണം തേടി. വിഷയം എം.കെ.രാഘവൻ എം.പിയാണ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.