‘എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോള്‍’; വയനാട് ദുരന്തത്തില്‍ മാധവ് ഗാഡ്ഗില്‍
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മനംനൊന്ത് മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയല്ല ഇപ്പോഴെന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.
13 വർഷം മുമ്ബാണ് കേരളത്തിലെ അനിയന്ത്രിത നിർമാണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നീട് പല ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും ഈ റിപ്പോർട്ട് ചർച്ചയായി. 2011ല്‍ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടില്‍ ഇപ്പോള്‍ ദുരന്തം ഉണ്ടായ വയനാട് മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോർട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടും.
അന്നത്തെ കേന്ദ്രസർക്കാർ ഗാഡ്ഗില്‍ റിപ്പോർട്ട് തള്ളുകയും മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു. അനിയന്ത്രിതമായ ഭൂമികയ്യേറ്റവും വനനശീകരണവും അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്തംബറില്‍ പൂനെയിലെ അന്താരാഷ്ട്ര സെന്ററില്‍ നടന്ന ചർച്ചയില്‍ ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.