15 ക്ഷേത്രങ്ങളില്‍ നിന്നും കവര്‍ന്നെടുത്തത് അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങള്‍, യുവാവിനെ പിടികൂടിയത് നാടകീയമായി
തലസ്ഥാനത്തെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും സ്വർണാഭരണങ്ങളും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
നെടുമങ്ങാട് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ്(29) പിടിയിലായത്. പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് വ്യാജനമ്ബർ പതിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
വട്ടപ്പാറ വേങ്കോട് ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ഏഴിന് കൊഞ്ചിറ അയിരവല്ലി തമ്ബുരാൻ ക്ഷേത്രത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും പൂജാപാത്രങ്ങളും ആഭരണങ്ങളും ജിബിൻ മോഷ്ടിച്ചിരുന്നു.തൊട്ടടുത്ത ദിവസം തന്നെ പെരുംകൂർ തമ്ബുരാൻ ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്ബതോളം വിളക്കുകളും കവർന്നു. ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്നും വിളക്കുകളും പൂജാപാത്രങ്ങളുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ വെമ്ബായം ഊരുട്ടമ്ബലം ദേവി ക്ഷേത്രത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും തട്ടുവിളക്കുകളും കവന്നു.
ജിബിൻ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍ നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. നെടുമങ്ങാട് പൂവത്തൂർ മണ്ടക്കാട് അമ്മൻദേവി ക്ഷേത്രത്തില്‍ നിന്ന് വിളക്കുകളും വിതുര മഹാദേവൻ ക്ഷേത്രത്തില്‍ നിന്ന് കാണിക്കവഞ്ചി പൊളിച്ച് പണവും കവർന്നു. എല്ലാ മോഷണവും ചെയ്തതെന്ന് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ജിബിന്റെ കൂടെയുളളവർക്കായുളള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.