പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കും
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാട്ടിലെ ചൂരല്‍മലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും.
വിമാനത്തില്‍ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്ബുകളും അദ്ദേഹം സന്ദർശിക്കും.
ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തില്‍നിന്ന് ധനസഹായം ലഭ്യമാകും. എന്നാല്‍, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.