അലറി വിളിച്ച് മുല്ലപ്പെരിയാർ പൊട്ടിക്കരുത്; ഡാമിൻറെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പലരും ഭീതി സൃഷ്ട്ടിക്കുന്ന വാർത്തകൾ പരത്തുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തില്‍ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാർ ജല ബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ‘മുല്ലപെരിയാറില്‍ ഇപ്പോള്‍ പ്രത്യേക ആശങ്കയുടെ അടിസ്ഥാനമില്ല. പക്ഷേ, മുല്ലപെരിയാറിന്റെ കാര്യത്തില്‍ സർക്കാർ നേരത്തെ സ്വീകരിച്ച സമീപനം തുടർന്നുപോകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്കയും ഉണ്ടാകേണ്ടതില്ല’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഈ വിഷയത്തിൽ മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം കേരളത്തിന് അനുകൂലമായിട്ടാണ് ഉള്ളത് . ഇരുസംസ്ഥാനങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിലാണ് കേരളത്തിന് അനുകൂലമായ ഈ നടപടി. അണക്കെട്ടിന്റെ സുരക്ഷ, കരാറിന്റെ സാധുത എന്നിവയൊക്കെ കേരളത്തിൽ ചൂടേറിയ ചർച്ച ആയപ്പോളും സർക്കാർ മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. 2006ല്‍ കേരളത്തിന് എതിരായ ആദ്യ സുപ്രീംകോടതി വിധി വന്നത്, മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരില്‍ സ്വകാര്യവ്യക്തികള്‍ നല്കിയ ഹർജിയുടെ പുറത്തായിരുന്നു. 2006 മാർച്ചില്‍ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കികൊണ്ട് 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനപ്പരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.
അതിനിടെയാണ് തമിഴ്നാട് നല്കിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയില്‍ കേരളത്തിന് പ്രതീക്ഷ നല്കുന്ന ഇപ്പോളത്തെ തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാല്‍ ചിലപ്പോള്‍ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കും. അങ്ങനെ വന്നാൽ പുതുക്കി പണിയാലോ, പൊളിച്ച് കളയലോ അടക്കമുള്ള എല്ലാ തീരുമാനങ്ങളും നമ്മുടെ സർക്കാരിന് എടുക്കാനാവും.
കുമളിയിലെ ആനവച്ചാല്‍ മൈതാനത്ത് വനംവകുപ്പ് നിർമ്മിച്ച വാഹന പാർക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. 1886ലെ പാട്ടക്കരാർ വ്യവസ്ഥയനുസരിച്ച് ഈ ഗ്രൗണ്ട് തങ്ങളുടേതാണെന്നും കേരള വനംവകുപ്പ് കൈയേറി എന്നുമാണ് തമിഴ്നാടിന്റെ വാദം.
എന്നാൽ പാട്ടക്കരാർ തന്നെ അസാധുവാണെന്നാണ് കേരളത്തിന്റെ നിലപാട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദിരാശി സർക്കാരും നാട്ടുരാജ്യമായ തിരുവിതാംകൂറും തമ്മില്‍ 1886 ഒക്ടോബർ 29ന് ഒപ്പുവച്ചതാണ് 999 വർഷത്തെ പാട്ടക്കരാർ. ഇത് നിലനിൽക്കില്ലെന്ന് കേരളം പറയുന്നത്. എന്നാൽ 2014ല്‍ ഒ.എസ്.3/2006 എന്ന കേസില്‍ മുല്ലപ്പെരിയാർ പാട്ടക്കരാർ നിലനില്‍ക്കുമെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയും കേരളം റിവിഷൻ പെറ്റീഷൻ ഫയല്‍ ചെയ്തിരുന്നില്ല.
ഇപ്പോൾ കേരളത്തില്‍ മുല്ലപെരിയാർ ചർച്ചയാകുന്നതിനിടെ അണക്കെട്ടില്‍ തമിഴ്നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട് . മധുര സോണ്‍ ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർ എസ്. രമേശും ടീമുമാണ് ഡാമിലെത്തിയത്. പെരിയാർ അണക്കെട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു. അതുകൊണ്ടാണ് പരിശോധന നടത്തിയത്.
ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് പറഞ്ഞതും ഈ കാര്യം തന്നെയാണ്. പുതിയ ഡാം ഉണ്ടാക്കണം എന്നാണ് സർക്കറിന്റെയും തീരുമാനം. അതിന്റെ കേസ് ഈ മാസം 30 ന് ആണ് നടക്കുന്നത്. തമിഴ് ജനതക്ക് വെള്ളം ഉറപ്പു വരുത്തിക്കൊണ്ടുള്ള ഒരു പാക്കേജ് തന്നെ ആയിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോളത്തെ ഡാം ഭൂകമ്പത്തിൽ തകരുമെന്നും, അത് മൂലം ഇടുക്കി ഡാം പൊട്ടുമെന്നും ഒക്കെയുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പം വന്നാൽ പൊട്ടാത്ത ഒരു ഡാമും ഇന്ത്യയിൽ ഇല്ല. ഇടുക്കി ഡാമടക്കം സകലതും പൊട്ടും. മുല്ലപ്പെരിയാർ തകർന്നാൽ ഇടുക്കി ആ ജലം ഉൾക്കൊള്ളാൻ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലം വരുമ്പോൾ മാത്രം മുല്ലപ്പെരിയാർ വിഷയം പൊക്കിപ്പിടിച്ച് നാടൊട്ടുക്കും ഓടി നടക്കുന്ന ചിലരുടെ നുണകളെയാണ് ആദ്യം പൊളിച്ച് കളയേണ്ടത്. കേരളവും തമിഴ്നാടും സുപ്രീം കോടതിയും ചേർന്ന് യുക്തമായ ഒരു തീരുമാനം ഈ വിഷയത്തിൽ കൈക്കൊള്ളും വരെ ഇത്തരം വ്യാജ കഥകളുമായി ഇറങ്ങാതെയിരിക്കുക. അതി വൈകാരികമായ പ്രസംഗങ്ങളും, രോഷപ്രകടനങ്ങളും വഴി മുല്ലപ്പെരിയാർ പൊട്ടിക്കാൻ ശ്രമിക്കരുത്. മഴയും കാറ്റും വെള്ളപ്പൊക്കവും ഒക്കെ ഉള്ള നാട്ടിൽ തന്നെയാണ് നമ്മൾ ഇത്രയും നാൾ കഴിഞ്ഞതും ഇപ്പോൾ കഴിയുന്നതും..