വയനാട്ടിലേക്ക് സഞ്ചാരികള്‍ എത്തുന്നില്ല, നഷ്ടം 20 കോടിയിലധികം
ചൂരല്‍മല ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല.
22 ദിവസംകൊണ്ട് ഇരുപതിലധികം കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരസംരംഭകർക്കും അനുബന്ധമേഖലയ്ക്കും മാത്രമുണ്ടായത്. ബുക്കിങ് റദ്ദുചെയ്തതിലൂടെമാത്രം മൂന്നുകോടിയുടെ നഷ്ടമെങ്കിലുമുണ്ടാവുമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ പറയുന്നു. മഴക്കാലമായിട്ടുകൂടി ഇത്തവണ റിസോർട്ടുകളിലും ഹോട്ടലുകളിലും ശരാശരി 40 ശതമാനംവരെ ബുക്കിങ് ആയിരുന്നു. 90 ശതമാനംവരെ ബുക്കിങ് ലഭിച്ച റിസോർട്ടുകളുമുണ്ട്. മിക്കയിടത്തും ബുക്കിങ്ങുകള്‍ പൂർണമായി റദ്ദാക്കപ്പെട്ടു.
ബുക്കിങ് കാൻസല്‍ ചെയ്തതുകൊണ്ട് തനിക്കുമാത്രം 28 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വൈത്തിരി മിസ്റ്റ് മാനേജിങ് ഡയറക്ടർ മുരളി മനക്കല് പറഞ്ഞു. 90 ശതമാനം ബുക്കിങ് ഉണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും റദ്ദാക്കി. ബുക്കിങ് റദ്ദുചെയ്തവരെ വിളിക്കുമ്ബോള്‍ ഇപ്പോള്‍ വയനാട് സുരക്ഷിതമല്ലല്ലോ എന്ന മറുപടിയാണ് ലഭിക്കുന്നത്. വയനാടിന്റെ വരുമാനത്തിന്റെ 22 ശതമാനം വിനോദസഞ്ചാര മേഖലയില്‍നിന്നാണ്.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള തട്ടുകടക്കാർ, അനുബന്ധതൊഴിലെടുക്കുന്നവർ, ഇവരെല്ലാം പ്രതിസന്ധിയിലാണ്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ പലതും പൂട്ടിയിട്ടിരിക്കുകയാണ്. ഹാൻഡ് ക്രാഫ്റ്റ് സ്ഥാപനങ്ങള്‍ തുറന്നുവെക്കുന്നതല്ലാതെ ആരും കയറിനോക്കാൻ പോലുമില്ലെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ശൈലേഷ് പറഞ്ഞു.
വായ്പത്തിരിച്ചടവ് നടത്താൻ കഴിയാതെ ഉടമകളും ബുദ്ധിമുട്ടുകയാണ്. ഓഫ് റോഡ് സർവീസുകള്‍ നടത്തുന്ന ജീപ്പുടമകള്ക്കും തൊഴിലില്ലാതായി.പൂക്കോട് തടാകവും കാരാപ്പുഴഡാമും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും സാധാരണനിലയിലേക്കെത്താൻ ഇനിയും നാളുകളെടുക്കും.