ഹമാസ് ഭീകരസംഘടന, അവരുടെ കൈകളില്‍ അമേരിക്കക്കാരുടെ രക്തവും പുരണ്ടിരിക്കുന്നു -കമല ഹാരിസ്
വാഷിങ്ടണ്‍ ഡി.സി: ഫലസ്തീൻ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റും, വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ്.
ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ പൗരൻ ഹെർഷ് ഗോള്‍ഡ്ബെർഗ് പോളിന്റെ മൃതദേഹം റഫായിലെ ടണലില്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കമല ഹമാസിനെ ഭീകരസംഘടനയെന്ന് വിമർശിച്ചത്.
‘ഹമാസ് തുടരുന്ന ക്രൂരതയെ ഞാൻ അപലപിക്കുന്നു. ലോകം മുഴുവൻ ഹമാസിന്റെ നടപടിയില്‍ അപലപിക്കണം. 1200 പേരെ കൂട്ടക്കൊല ചെയ്തതിലൂടെയും ആളുകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതിലൂടെയും ബന്ദികളാക്കിയതിലൂടെയും ഹമാസിന്റെ ക്രൂരത വ്യക്തമാണ്. ഇസ്രായേല്‍ ജനതയ്ക്കും ഇസ്രായേലിലെ അമേരിക്കൻ പൗരന്മാർക്കും ഹമാസ് ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണം. ഗസ്സയെ നിയന്ത്രണത്തിലാക്കാൻ ഹമാസിന് കഴിയരുത്. ഫലസ്തീൻ ജനതയും ഹമാസിന് കീഴില്‍ ദുരിതമനുഭവിക്കുകയാണ്’ -കമല പറഞ്ഞു.
അതേസമയം, ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന സമാനതയില്ലാത്ത ക്രൂരതയെ കമല പരാമർശിച്ചില്ല. ഇസ്രായേലിന് യു.എസ് ആയുധം നല്‍കുന്നത് തുടരുമെന്ന സൂചനയാണ് കമല നേരത്തെയും നല്‍കിയിരുന്നത്. ‘ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാൻ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബർ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്’ -എന്നായിരുന്നു ഇത് സംബന്ധിച്ച് കമല നേരത്തെ പറഞ്ഞത്.