മലപ്പുറത്ത് ഗൃഹനാഥൻ വീടിനു തീ വെച്ചു; മക്കളൊഴികെ 3 പേർക്ക് ദാരുണാന്ത്യം
മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കിൽ ഗൃഹനാഥൻ വീടിനു തീവെച്ചതിനെ തുടർന്ന് മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥൻ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠൻറ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. മണികണ്ഠൻ കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നു.
ഇക്കാര്യം വ്യക്തമാക്കി മരിക്കും മുൻപ് അദ്ദേഹം പോലീസിന് മൊഴിനൽകിയിട്ടുണ്ട്. വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട അയൽവാസികളെത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിരുദ്ധും നന്ദനയും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി.