സീതാറാം യെച്ചൂരിക്ക് ആദരമര്‍പ്പിച്ച് രാജ്യം; നാളെ എകെജി സെന്ററില്‍ പൊതുദര്‍ശനം
രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് (72) ആദരാഞ്ജലിയർപ്പിച്ച് രാജ്യം.
ഇന്ത്യൻ കമ്യൂണിസത്തിന്റെ ജനകീയമുഖമായിരുന്ന യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നേതാക്കളും പ്രവർത്തകരും ഡല്‍ഹിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു വൈകുന്നേരത്തോടെ വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡല്‍ഹി ഗോള്‍ മാർക്കറ്റിനു സമീപമുള്ള എകെജി സെന്ററില്‍ പൊതുദർശനം നടക്കും. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും.