മഹാരാഷ്ട്ര പിടിക്കാൻ മഹാവികാസ് അഘാഡി; 125 സീറ്റുകളില്‍ ധാരണയായി, ശേഷിക്കുന്ന 163 സീറ്റുകളില്‍ ധാരണ ഉടൻ
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം ശേഷിക്കെ മഹാവികാസ് അഘാഡി 125 സീറ്റുകളില്‍ ധാരണയായി. ബാക്കി 163 സീറ്റുകളില്‍ക്കൂടി ചർച്ചചെയ്ത് ധാരണയിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവും നിയമസഭാ പ്രതിപക്ഷനേതാവുമായ വിജയ് വട്ടേറ്റിവർ പറഞ്ഞു.
ഗണേശോത്സവത്തിനുശേഷം മുഴുവൻ സീറ്റുകളും പ്രഖ്യാപിക്കുമെന്നും വട്ടേറ്റിവർ പറഞ്ഞു.
‘എം.വി.എ. സഖ്യം നല്ല ആത്മവിശ്വാസത്തിലാണ്. ആഭ്യന്തരമായും അല്ലാതെയും നടത്തിയ സർവേയുടെ ഫലം അതാണ് കാണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം സഖ്യം ആവർത്തിക്കും. ചിലപ്പോള്‍ അതിനെക്കാള്‍ മെച്ചപ്പെട്ട ഫലമായിരിക്കും പുറത്തുവരുക. ജനവിരുദ്ധമായ മഹായുതി സർക്കാരിനെ പുറത്താക്കാൻ ജനങ്ങള്‍ ഒരവസരം കാത്തിരിക്കുകയാണ്. കർഷകർക്കും ജനങ്ങള്‍ക്കുംവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ അധികാരത്തിലേറ്റാൻ കാത്തിരിക്കുകയാണവർ’ -വട്ടേറ്റിവർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ 110 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ലോക്സഭയിലേക്ക് മത്സരിച്ച 18 സീറ്റുകളില്‍ 13 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. സാംഗ്ലിയില്‍ കോണ്‍ഗ്രസ് വിമതനും വിജയിച്ചു.