സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്?; താത്കാലിക സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന
സീതാറാം യെച്ചൂരിയുടെ മരണത്തോടെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര് എന്നതാണ് പ്രധാന ചോദ്യം.
താത്കാലിക ജനറല്‍ സെക്രട്ടറിയായി ആരെയെങ്കിലും നിയമിക്കുന്നതിനെ കുറിച്ച് പാർട്ടി ഇതുവരെ ചിന്തിച്ചിട്ടില്ല. ഈ മാസം അവസാനം ചേരുന്ന പോളിറ്റ്ബ്യുറോ യോഗവും കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ തുടങ്ങിയപ്പോഴാണ് സീതാറാം യെച്ചൂരിയുടെ വേർപാട്. പാർട്ടി കോണ്‍ഗ്രസില്‍ ചർച്ച്ക്ക് വെക്കേണ്ട കരടില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ആഴ്ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസുകളില്‍ കരട് രൂപീകാരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് യെച്ചൂരിയായിരുന്നു. 25 ദിവസം ആശുപത്രി കിടക്കയില്‍ തന്നെ ആയിരുന്നതിനാല്‍ റെസിഡൻസ് പിബി ചേർന്നു ഒരുക്കിയ സംവിധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ഈ മാസം അവസാനം വരെ ഈ സംവിധാനം തുടരട്ടെ എന്ന നിലപാടിലാണ് നേതാക്കള്‍. ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ ഒരാള്‍ മരിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ആദ്യ അനുഭവമാണ്. പ്രകാശ് കാരാട്ടിനും ബൃന്ദാ കാരാട്ടിനും 75 കഴിഞ്ഞതിനാല്‍ അടുത്ത പിബിയില്‍ ഇവരുണ്ടാകില്ല.