ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനിലേക്ക്
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ഇസ്ലാമബാദിലേക്ക് പോകുന്നത്. ഈ മാസം 16, 17 തീയതികളിലായാണ് ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടി നടക്കുന്നത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന് സന്ദര്‍ശനമാണിത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ വിദേശകാര്യ മന്ത്രിയായിരിക്കും നയിക്കുക. ഷാങ് ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന് ഒദ്യോഗികമായി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനാലാണ് പ്രധാനമന്ത്രിക്കു പകരം വിദേശകാര്യ മന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും സഹകരണം തുടരുന്ന അപൂര്‍വം ബഹുരാഷ്ട്ര പ്ലാറ്റ്ഫോമുകളിലൊന്നാണ് എസ്സിഒ. ഇരുരാജ്യങ്ങളും പരസ്പരം ഉന്നതോദ്യോഗസ്ഥരെ ഉച്ചകോടിയുടെ ഭാഗമായി അയയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലും എത്തിയിരുന്നു.