‘അന്താക്ഷരി’ വെറുമൊരു കളിയല്ല; നിഗൂഢതകളിലൊളിപ്പിച്ച രാഷ്ട്രീയത്തിൻ്റെ മൂലധനമുള്ള സിനിമ
അന്താക്ഷരി എന്ന പാട്ടുപാടുന്ന കളിയിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു ത്രില്ലർ മൂവിയാണ് സോണി ലിവിലൂടെ റിലീസ് ചെയ്ത അന്താക്ഷരി. എന്നാൽ നിസാരമായ ഒരു പാട്ടുപാടൽ കളിയ്ക്കപ്പുറം ഗൗരവതരമായ പലതരം രാഷ്ട്രീയനിലപാടുകൾ മുന്നോട്ടുവെയ്ക്കുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമ കൂടിയാണ് അന്താക്ഷരി. സിനിമയിലെ വില്ലനും നായകനും ഒരേ വ്യവസ്ഥയുടെ ഇരകളാണ്. വില്ലൻ ഫ്യൂഡലിസത്തിൻ്റെ ശേഷിപ്പുകളുള്ള ഒരു പ്രദേശത്തെ ജാതീയമായ അവഗണനകളുടെയും ചൂഷണത്തിൻ്റെയും അക്രമത്തിൻ്റെയും ഇരയാണെങ്കിൽ നായകൻ ആധുനികകാലത്തും മാടമ്പി സ്വഭാവമുള്ള സഹപ്രവർത്തകരുടെ ജാതീയമായ പകയുടെ ഇരയാകുന്നുണ്ട്.
അന്താക്ഷരിയിൽ ആസക്തനായ സർക്കിൾ ഇൻസ്പെക്ടർ ദാസ് (സൈജു കുറുപ്പ്), അയാളുടെ ഭാര്യ ചിത്ര (പ്രിയങ്ക നായർ), സഹ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീനിവാസ് (സുധി കോപ്പ), ഹരിഹരൻ(കോട്ടയം രമേശ്), ഡിവൈഎസ്പി ജയചന്ദ്രൻ (ബിനു പപ്പു) എന്നിവരാണ് കഥാതന്തുവിൻ്റെ പ്രധാനധാരയിലുള്ളതെങ്കിലും മറ്റുചില ഉപധാരകളിലൂടെ വിവിധ ചിന്തകൾ പ്രേക്ഷനിലേക്ക് സംവേദനം ചെയ്യാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.
പുതിയതലമുറ വാലുവെയ്ക്കാത്തതുകൊണ്ട് “നമ്മുടെയാളാ എന്ന് തിരിച്ചറിയാൻ കഴിയാത്തതിൽ ആശങ്കപ്പെടുന്ന ഹരിഹരൻ എന്ന സീന്യർ സിവിൽ പൊലീസ് ഓഫീസർക്ക് വാലില്ലാത്ത സർക്കിൾ ഇൻസ്പെക്ടർ ദാസിനെ സല്യൂട്ട് ചെയ്യുന്നതിൽ വലിയ വിഷമവും ഉണ്ട്. അതേസമയം തന്നെ ദാസിന് “മറ്റേ സ്പിരിറ്റു“ണ്ടെന്നാണണ് ഹരിഹരൻ്റെ ആരോപണം.
ദാസ്“ എന്നുതുടങ്ങുന്ന പേരുള്ള പുസ്തകം ഇഷ്ടപ്പെടുന്ന അച്ഛനിട്ടതാണ് തൻ്റെ പേരെന്ന് ദാസ് പറയുമ്പോൾ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിലെ കുന്നായ്മകളിൽ വ്യാകുലപ്പെടുന്ന ഡിവൈഎസ്പി ജയചന്ദ്രൻ ആ പുസ്തകമേതെന്നറിയാതെ അന്തംവിട്ട് നിൽക്കുന്നുണ്ട്. ഇത്തരത്തിൽ സട്ടിലായ ചില രാഷ്ട്രീയതന്തുക്കളും സിനിമയിലുണ്ട്.
സിനിമയുടെ തുടക്കം മുതൽ മറ്റൊരു നിഗൂഢമായ കഥാഭൂമികയുടെ പ്രതീതി സൃഷ്ടിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും ഉള്ളിലൊരു കടൽ ഒളിപ്പിക്കുന്ന അനുഭവം പ്രേക്ഷകന് ലഭിക്കും. ഓരോ മനുഷ്യനും അനുഭവിക്കുന്ന ട്രോമയാണ് അവരുടെ മുഖത്തിനും ഭാവത്തിനും പിന്നിലുണ്ടാകുക. കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തിൻ്റെ ഓർമ്മയാണ് ഇഷിത സിങ് അവതരിപ്പിക്കുന്ന നയന എന്ന കഥാപാത്രത്തെ നിശബ്ദയാക്കുന്നത്. സൈക്കിളിൽ വരുന്ന ഐസ്ക്രീം കച്ചവടക്കാരൻ്റെയടുത്ത് പോകുന്ന പെൺകുട്ടിയുടെ കാഴ്ച അവളുടെ വേദനാജനകമായ ഭൂതകാല ഓർമ്മകളുടെ ട്രിഗർ ആകുന്നുണ്ട്. സന്ദീപ് അവതരിപ്പിക്കുന്ന കാർത്തികിലൂടെയും അയാളുടെ അമ്മയിലൂടെയും ആണധികാരഗാർഹികാന്തരീക്ഷത്തിൻ്റെ അക്രമോൽസുകതയും സിനിമ ചർച്ച ചെയ്യുന്നുണ്ട്.
നിഗൂഢത നിറഞ്ഞ ഭൂമികയും, മനോഹരമായ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ നെടുംതൂണുകളാണ്. മൊത്തത്തിൽ അപാകതകളൊന്നും പറയാനില്ലാത്ത ഒരു ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന സിനിമതന്നെയാണ് അന്താക്ഷരി.
Content Highlight: Antakshari Malayalam movie review