ബംഗ്ലാദേശിലെ കാളീദേവി ക്ഷേത്രത്തിലെ കിരീടം മോഷണംപോയി; കവര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം
ബംഗ്ലാദേശില്‍ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളീ വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി.
വെള്ളിയില്‍ നിർമ്മിച്ച് സ്വർണം പൂശിയ കിരീടം ഇന്നലെ ഉച്ചകഴിഞ്ഞാണ് മോഷണം പോയതെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്ക് പൂജകഴിഞ്ഞ് പൂജാരി പോകുന്നതുവരെ വിഗ്രഹത്തില്‍ കിരീടം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ക്ഷേത്രം വൃത്തിയാക്കാനെത്തിയവരാണ് കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 മാർച്ചില്‍ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി കിരീടം ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രത്തില്‍ ഇന്ത്യ വിവിധോദ്ദേശ്യ ഹാള്‍ നിർമ്മിച്ചുനല്‍കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.
മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയാണ്. അടുത്തിടെ ഷേഖ് ഹസീനയുടെ ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനുശേഷം ഹിന്ദുക്കള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേരെ ബംഗ്ലാദേശില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചതിനെത്തുടർന്ന് അക്രമങ്ങള്‍ അവസാനിപ്പിക്കാൻ ബംഗ്ലാദേശ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
ബംഗ്ലാദേശിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ജശോരേശ്വരി ക്ഷേത്രം. ഹിന്ദു പുരാണങ്ങള്‍ പ്രകാരം ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 52 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. സത്ഖിരയിലെ ശ്യാംനഗർ ഉപസിലയിലെ ഈശ്വരിപൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ അനാരി എന്ന ബ്രാഹ്മണനാല്‍ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ് സെൻ ഇത് നവീകരിച്ചു, ഒടുവില്‍ പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമ്മിക്കുകയായിരുന്നു.