ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട: 9 പാക് പൗരന്മാർ അറസ്റ്റിൽ; പിടികൂടിയത് 300 കോടി വില വരുന്ന ലഹരിമരുന്ന്
ഗുജറാത്തിന് സമീപം രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ വന്‍ ലഹരിവേട്ട. 280 കോടി വില വരുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച 9 പാക് പൗരന്മാരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്നാണ് ‘അല്‍ ഹജ്’ എന്ന പാക്കിസ്ഥാന് ബോട്ടില്‍ നിന്ന് 250 കിലോ ഹെറോയിൻ പിടികൂടിയത്.
9 പാകിസ്താൻ പൗരന്മാർ ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാക് ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന ഉടനെ കോസ്റ്റ്ഗാര്‍ഡ് പിടികൂടുകയായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ലഹരിമരുന്ന് പാക്കറ്റുകളില്‍ ചിലത് കടലിലെറിഞ്ഞു കളഞ്ഞെന്നു വ്യക്തമാക്കിയ കോസ്റ്റ്ഗാര്‍ഡ് പാക്ക് ബോട്ട് രക്ഷപെടാതിരിക്കാനായി വെടിയുതിര്‍ക്കേണ്ടി വന്നതായും മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താൻ വഴി ശ്രീലങ്കയിലേക്ക് ലഹരിക്കടത്ത് വ്യപകമാണ്. ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച 3,000 കോടി രൂപയുടെ ലഹരിമരുന്ന് പലഘട്ടങ്ങളിലായി കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിട്ടുണ്ട്. ഹെറോയിന്‍ അടക്കം മാരക ലഹരിമരുന്നുകളും ആയുധങ്ങളും ഇത്തരത്തില്‍ മുമ്പ് പിടികൂടിയിട്ടുണ്ട്. തീവ്രവാദ സംഘങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് ലഹരി കടത്തെന്നാണ് കോസ്റ്റ്ഗാര്‍ഡ് വിലയിരുത്തല്‍. അതിനാല്‍ തന്നെ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കോസ്റ്റ്ഗാര്‍ഡ്. പാകിസ്താനില്‍ നിന്നുള്ള ബോട്ടുകളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
24 മണിക്കൂറിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണ് ഗുജറാത്ത് തീരത്ത് നടന്നത്. കഴിഞ്ഞ ദിവസം രാത്രി പഞ്ചാബ് രാജ്യാന്തര അതിര്‍ത്തിയില്‍ 700 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്.) പിടികൂടിയിരുന്നു. അഫ്ഗാനിസ്താനില്‍ നിന്ന് ട്രക്ക് മാര്‍ഗം കടത്താന്‍ ശ്രമിക്കുകയായിരുന്ന ലഹരിമരുന്ന്് അമൃത്സറിലെ പാക് ചെക്ക് പോസ്റ്റിലാണ് ബി.എസ്.എഫ് പിടികൂടിയത്.
Content Highlight: Big drug bust near Gujarat coast; 9 Pakistani nationals arrested while trying to smuggle over 250 kg heroin