ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ഓര്‍മയാകുമെന്ന് തിരുവമ്ബാടി ദേവസ്വം
കേന്ദ്രസർക്കാർ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂർ പൂരം വെടിക്കെട്ട് വെറും ഓർമയായി മാറുമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കെ ഗിരികുമാർ.
വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശങ്ങള്‍ അപ്രായോഗികമാണെന്നും ഉത്തരവില്‍ തിരുത്ത് വേണമെന്നും ഗിരികുമാർ പറഞ്ഞു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്ന് തിരുവമ്ബാടി ദേവസ്വം ബോർഡും വ്യക്തമാക്കി.
പ്രധാനമായും 35 നിയന്ത്രണങ്ങളാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയർലൈനും തമ്മില്‍ 200 മീറ്റർ അകലം വേണം, ഫയർലൈനും ആളുകളും തമ്മിലുളള അകലം 100 മീറ്റർ വേണം എന്നിങ്ങനെയാണ്. തേക്കിൻകാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണ പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളുകളെ നിർത്താൻ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
ഈ വിഷയത്തില്‍ റവന്യു മന്ത്രി കെ രാജനും പ്രതികരിച്ചിരുന്നു. കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂർ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയെയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകർക്കാനുള്ള നീക്കമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.