രാത്രി വീട് മാറി കയറി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന; പരാതി നല്കി കുടുംബം
അർധരാത്രി വീട് മാറി കയറി വനംവകുപ്പിന്റെ മിന്നല്‍ പരിശോധന. സംഭവത്തില്‍ കുടുംബം വടക്കേക്കര പൊലീസില്‍ പരാതി നല്കി.
ചൊവ്വാഴ്ച രാത്രി 12.15-ഓടെയാണ് അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് പരിശോധന നടത്തിയത്. ഇതേ വീട്ടില്‍ ആറ് മാസം മുൻപും വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിക്ക് വീടു വളഞ്ഞ് പരിശോധന നടത്തിയിട്ടുണ്ടെന്നും കുടുംബം പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച ആറ് പേരാണെത്തിയത്. രണ്ട് പേർ യൂണിഫോം ധരിച്ചിരുന്നു. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് തങ്ങള്‍ അന്വേഷിക്കുന്ന ആള് ഈ വീട്ടിലുണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. വീട് മാറിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ഉദ്യോഗസ്ഥർ വീട്ടുകാരുടെ ചിത്രം മൊബൈലില്‍ പകർത്തിയെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് ആരെയും പിടികൂടാനും ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.