തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; ട്രംപിനേക്കാള്‍ ഒരുപടി മുന്നില്‍ കമല
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏറ്റവും ഒടുവില്‍ വന്ന രണ്ട് സർവേകളിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നേരിയ മേല്‍ക്കൈ.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ മുൻതൂക്കം കമല ഹാരിസിന് ഉണ്ടെന്നാണ് പുതിയ സർവേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള ശക്തമായ പോരാട്ടത്തെ സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നിവ സംഘടപ്പിച്ച രണ്ട് സുപ്രധാന സർവേകളിലും കമല ഹാരിസിന് മുൻതൂക്കമുണ്ട്. എബിസി ന്യൂസ് സർവേയില്‍ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നാല് ശതമാനം പേരുടെ അധിക പിന്തുണയാണ് കമലയ്ക്ക് കിട്ടിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനോട് അടുത്തിരിക്കെ ഈ ലീഡ് നില നിർണായകം തന്നെയാണ്.
എബിസി സർവേയില്‍ കമല ഹാരിസിന് ആകെ 51 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെ 47 ശതമാനം പേർ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. സിബിഎസ് സർവേയില്‍ ഈ ലീഡ് നിലയില്‍ കുറവുണ്ടെങ്കിലും കമല തന്നെയാണ് മുന്നില്‍. ഇവിടെ കമല ഹാരിസിനെ പിന്തുണയ്ക്കുന്നത് 50 ശതമാനം പേരാണ്. ട്രംപിനാവട്ടെ 49 ശതമാനം പോയിന്റ് ആണുള്ളത്.
ഏഴോളം വരുന്ന സംസ്ഥാനങ്ങളിലെ ലീഡ് നിലയാണ് ജയത്തില്‍ പ്രധാനമാവുക. അരിസോണ, ഫ്ലോറിഡ, ജോർജിയ, പെൻസില്‍വാനിയ, മിഷിഗണ്‍, ഒഹായോ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലെ പ്രകടനം ജയത്തില്‍ നിർണായകമാകും. ഈ സംസ്ഥാനങ്ങളിലെ ഇവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്ന് നിസംശയം പറയാം.