ശ്രേഷ്ഠ ആചാര്യന് വിട, കബറടക്കം ഇന്ന്
മലങ്കര സഭയെ പതിറ്റാണ്ടുകള്‍ നയിച്ച വലിയ ഇടയന് ശനിയാഴ്ച സഭാമക്കള്‍ വിട നല്‍കും.
കബറടക്ക ശുശ്രൂഷകള്‍ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിനോടു ചേർന്നുള്ള കത്തീഡ്രല്‍ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ആധുനിക യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശില്പിയും തലവനുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ (96) വിയോഗം നല്കുന്ന ശൂന്യതയില്‍, ദുഃഖാർത്തരായ പതിനായിരങ്ങള്‍ കബറടക്ക ശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വിവിധ സഭാ തലവൻമാർ രാഷ്ട്രീയ-സാമുദായിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷയില്‍ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് മാർ ദിവന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്തയും ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പ് മാർ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്തയും സംബന്ധിക്കുമെന്ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.ബാവയുടെ വിയോഗത്തിന്റെ 40-ാം നാള് ചടങ്ങിന് പാത്രിയർക്കീസ് ബാവ എത്തുമെന്ന് അറിയിച്ചതായി സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.