പ്രദർശനവിജയത്തിന്റെ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ; മൂന്നാം വാരത്തിലും ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നു. വമ്പൻ പ്രേക്ഷക പിന്തുണയോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം ആഗോള ഗ്രോസ് കളക്ഷനായി 100 കോടിയും പിന്നീടാണ് കുതിപ്പ് തുടരുന്നത്. മൂന്നാമത്തെ വാരത്തിലും ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഏറ്റവും മുകളിലാണ് ഈ ചിത്രം. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം കേരളത്തിലും വമ്പൻ ഹിറ്റാണ്. ഇതിനോടകം 20 കോടിയോളമാണ് ചിത്രം നേടിയ കേരള ഗ്രോസ് കളക്ഷൻ എന്നാണ് സൂചന. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോഴും ചിത്രം പ്രദർശിപ്പിക്കുന്നത്.
കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.
ലക്കി ഭാസ്കറിന്റെ വമ്പൻ വിജയത്തോടെ തെലുങ്കിൽ ഹാട്രിക് ബ്ളോക്ക്ബസ്റ്റർ നേടാനും ദുൽഖർ സൽമാന് സാധിച്ചു. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ഈ പീരീഡ് ഡ്രാമ ത്രില്ലറിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറാണ്.