ഇടവേള ബാബുവിനെതിരായ പീഡന പരാതി: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
നടനും അമ്മ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിൻറെ കേസ് ഡയറി ഹാജരാക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം. ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താൽപര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടർ നടപടികൾക്ക് നൽകിയ സ്റ്റേ നീട്ടി. ഇടവേള ബാബുവിന്റെ ഹർജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.