അമ്പലപ്പുഴയിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകം ;കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത്
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നു കുഴിച്ചുമൂടി.സംഭവത്തിൽ നിർണായകമായത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം.കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്സുഹൃത് ജയചന്ദ്രനാണ് കൊലപാതകം നടത്തിയത് .രണ്ട് വർഷത്തിലേറെയായി ജയചന്ദ്രനുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹം.ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു . 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് വിജയലക്ഷ്മി. മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം .മൃതദേഹം വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹം പൂർണമായും പുറത്തെടുത്ത ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.
അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന് വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് കട്ടിംഗ് പ്ലെയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ മൊഴി .സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് മൊഴി മാറ്റി പറഞ്ഞത് .മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് പ്രതി വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു.അധികം ആഴമില്ലാത്ത കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ജയചന്ദ്രൻ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട പ്രതി കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും. നേരത്തെയും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. തുടർന്ന് ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തുകയും വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്നാണ് മിസ്സിംഗ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്.
വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് ബസ് സ്റ്റാന്റിൽ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഈ ഫോണിലേക്ക് വന്ന കോളുകൾ പൊലീസ് പരിശോധിച്ചു.ഒപ്പം ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോൺ ലൊക്കേഷനുകൾ ഒരുസ്ഥലത് വന്നതും സംശയത്തിന് ആക്കം കൂട്ടി . കസ്റ്റഡിയിലെടുത്ത ജയചന്ദ്രനിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. ഇവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് നിഗമനം .അതേ സമയം വാടക വീട്ടിൽ ഇവർ ഒറ്റയ്ക് താമസിക്കുകയായിരുന്ന വിജയലക്ഷ്മി തീർത്ഥാടനത്തിന് പോയതാണെന്നാണ് കുടുംബം കരുതിയത്.
മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കണ്ടെടുത്ത സ്ഥലം .ജയചന്ദ്രന്റെ വീടിന്റെ പിന്നിലാണ് ഈ പറമ്പ്. അഞ്ചു സെന്റ് വസ്തുവില്‍ മതിലിനോട് ചേര്‍ന്ന സ്ഥലത്താണ് കുഴിച്ചുമൂടിയത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന് തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ ശക്തിയിൽ തള്ളിഎന്നും തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നും ജയചന്ദ്രൻ പറയുന്നുണ്ട് . മരിച്ചുവെന്ന് ഉറപ്പായതോടെ വീട്ടിൽ തന്നെ മൃതദേഹം സൂക്ഷിക്കുകയും രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിട്ടുവെന്നുമുള്ള വ്യത്യസ്ത മൊഴികളാണ് പ്രതി നൽകുന്നത്.
അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലിക്ക് പോകുന്ന ആളാണ്. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയെ അറിയാമെന്നും എന്നാൽ ഈ ബന്ധം തുടരരുത് എന്ന താൻ ഭർത്താവിനോട് പറഞ്ഞിരുന്നതായും അവർ പറഞ്ഞു .ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന ജയചന്ദ്രന്റെ ഭാര്യയുടെ മൊഴിയും ഇതൊരു ആസൂത്രിത കൊലപാതകമാണോ അതോ പെട്ടെന്നുള്ള ദേഷ്യത്തിൽ സംഭവിച്ചതാണോ എന്നതിലും വ്യക്തത വരേണ്ടതുണ്ട് .ജയചന്ദ്രനെക്കാൾ ആരോഗ്യവതിയായ വിജയലക്ഷ്മിയെ എങ്ങിനെ ഒറ്റയ്ക്ക് വലിച്ചിഴച്ചു കുഴിച്ചിട്ടു എന്നതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. കൃത്യത്തിൽ മറ്റാരുടെ എങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു