മികച്ച പോളിങ് രേഖപ്പെടുത്തി പാലക്കാട് മണ്ഡലം ;184 ബൂത്തുകളിൽ വോട്ടെടുപ്പ്
അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത് . ഭൂരിഭാഗം പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കാര്യമായ പ്രശ്നങ്ങളൊന്നും വോട്ടെടുപ്പിൽ ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു.മോക് പോളിങിനുശേഷം രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനായി വോട്ടർമാർ നേരത്തെ എത്തിയിരുന്നു . എന്നാൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത് . വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായാണ് ഇന്ന് ജനം വിധിയെഴുതുന്നത് . 1,94,706 വോട്ടര്‍മാർ വിധിയെഴുതുന്നത്തിൽ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.പലതവണ ഉള്ളംകൈയിൽ നിന്നും നഷ്ടപെട്ട മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസത്തിലാണ് പാർട്ടി .കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്.
ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. പാലക്കാട് ജനത നേരത്തെ തങ്ങളുടെ തീരുമാനം അറിയിച്ചിട്ടുള്ളതാണെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ . എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
പാലക്കാട് നഗരസഭാ ഭരണം കൈയ്യിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ് ബിജെപി ലക്ഷ്യം .അതിനാൽ തന്നെ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ജനകീയനായ സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതും ഈ ലക്ഷ്യം മുന്നിൽ കണ്ടു തന്നെയാണ്. എന്നാൽ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാർട്ടി അനുഭാവികളല്ലാത്ത വോട്ടർമാരെ എങ്ങനെ സ്വാധീനിക്കും എന്നത് ഏറെ നിർണായകമാണ് .
ആകെ വോട്ടര്‍മാരില്‍ 2306 പേര് 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര് 18-19 വയസ്സുകാരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ വോട്ടെടുപ്പ് ദിനമായ നവംബര്‍ 20 നു പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അവധി പ്രഖ്യാപിച്ച് . നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചു . നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.
പാലക്കാടിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനെത്തുക.ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.