പെര്‍ത്തില്‍ കൊടുങ്കാറ്റായി ബുംറ; അഞ്ചുവിക്കറ്റ് നേട്ടം, തകർന്നടിഞ്ഞ് ഓസീസ്
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോൾ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ്. 20 റൺസുമായി മിച്ചൽ സ്റ്റാർക്കും അഞ്ചു റൺസുമായി ജോഷ് ഹേസിൽവുഡുമാണ് ക്രീസിൽ. അഞ്ചുവിക്കറ്റ് വീഴ്ത്തിയ നായകൻ ജസ്പ്രീത് ബുംറയാണ് ആതിഥേയരെ വീഴ്ത്തിയത്.
ഏഴിന് 67 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അലക്സ് കാരിയുടെ (21) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ കാരിയെ പന്തിന്റെ കൈകളിലെത്തിച്ച ബുംറ പെർത്തിൽ തന്റെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.
പിന്നാലെ ഒമ്പതു റൺസിനിടെ നഥാൻ ലയണിനെ (അഞ്ച്) ഹർഷിത് റാണ രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ ഒമ്പതിന് 79 റൺസെന്ന ദയനീയ സ്ഥിതിയിലായി. പിന്നീട് ക്രീസിൽ ഒന്നിച്ച മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും ചേർന്ന് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ്.
16 ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് സിറാജും ഹർഷിത് റാണയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.