റാം ചരൺ- ശങ്കർ ചിത്രം ഗെയിം ചേഞ്ചറിലെ ‘നാനാ ഹൈറാനാ’ ഗാനം ലിറിക് വീഡിയോ എത്തി
റാം ചരൺ നായകനായ ശങ്കറിന്റെ പാൻ ഇന്ത്യൻ ചിത്രം ഗെയിം ചേഞ്ചറിലെ ‘നാനാ ഹൈറാനാ’ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. എസ് തമൻ സംഗീതമൊരുക്കിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കാർത്തിക്, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന് മൂന്ന് ഭാഷകളിലും ആലപിച്ച ഈ ഗാനത്തിന് തെലുങ്കിൽ വരികൾ രചിച്ചത് സരസ്വതീപുത്ര രാമജോഗയ്യ ശാസ്ത്രി, തമിഴിൽ രചിച്ചത് വിവേക്, ഹിന്ദിയിൽ രചിച്ചത് കൗസർ മുനീർ എന്നിവരാണ്. ബോസ്കോ മാർട്ടീസ് ആണ് മനോഹരമായ ഈ പ്രണയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും.
ശങ്കർ ചിത്രങ്ങളുടെ പ്രത്യേകതയായ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ തന്നെയാണ് ഇന്ന് പുറത്ത് വന്ന ഗാനത്തിന്റെയും ഹൈലൈറ്റ്. റാം ചരണും നായികയായ കിയാരാ അദ്വാനിയും ഉൾപ്പെടുന്ന പ്രണയനിമിഷങ്ങളാണ് ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. മെഗാ മാസ്സ് ആക്ഷൻ ചിത്രമായാണ് ശങ്കർ ‘ഗെയിം ചേഞ്ചർ’ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ ടീസർ കാണിച്ചു തരുന്നു. ശക്തനായ ഒരു ബ്യൂറോക്രാറ്റിൻ്റെയും (ഐഎഎസ് ഓഫീസർ), സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഉത്സാഹിയായ മനുഷ്യൻ്റെയും രൂപത്തിൽ ഇരട്ട വേഷങ്ങളിൽ ആണ് റാം ചരൺ ഈ ചിത്രത്തിൽ എത്തുന്നത്.
റാം ചരൺ, കിയാര അദ്വാനി എന്നിവർ കൂടാതെ എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.