സിറിയ പിടിക്കാൻ വിമതർ; അസദിന് സഹായവുമായി റഷ്യയും ഇറാനും എത്തുമോ?
സിറിയയുടെ തലസ്ഥാനമായ ദമസ്കസ് ലക്ഷ്യമാക്കി നീങ്ങുകയാണ് സിറിയൻ വിമതർ. അലെപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ച ശേഷം വിമതസംഘം ഹോംസ് നഗരത്തിനു തൊട്ടടുത്തെത്തി. എന്നാൽ ഇതേസമയം സിറിയൻ-ഇറാഖ് അതിർത്തി S D F എന്ന പേരുള്ള മറ്റൊരു വിമതസംഘവും പിടിച്ചെടുത്തിരിക്കുകയാണ്.
എന്നാൽ ഈ സംഭവങ്ങൾക്കിടയിലും, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനു പിന്തുണ നൽകുമെന്ന് റഷ്യയും ഇറാനും അറിയിച്ചിട്ടുണ്ട്. ഹയാത്തു തഹ്രീർ അൽ ഷാം അഥവാ എച്ച്ടിഎസ് എന്ന വിമതസേനയാണ് ഹോംസ് നഗരത്തിലെക്ക് എത്തിയത്. സിറിയയിലെ മൂന്നാമത്തെ വലിയ നഗരമാണ് ഹോംസ് . ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറിയൻ വിമതർ അലെപ്പോ പിടിചെടുക്കുന്നത്. അതിന് ശേഷം അവർ ഹമാ നഗരവും കീഴടക്കി. ഇങ്ങനെ വിമതരെ മുന്നേറ്റം നടത്തിയ സ്ഥലങ്ങളിൽ നിന്നെല്ലാം ബഷാറുൽ അസദിന്റ സൈന്യം തോറ്റുപിന്മാറുകയായിരുന്നു. വാസ്തവത്തിൽ അവർ തോറ്റ് പിന്മാറി എന്ന് പറയാനാവില്ല. വിമത സൈന്യം ശക്തമായി ആക്രമണം നടത്തുമ്പോൾ, കാര്യമായി തിരിച്ചടിയ്ക്കാതെ, ഔദ്യോഗിക സൈന്യം പുറകോട്ട് പോകുകയായിരുന്നു. വിമതരുടെ സേനയുമായി ഏറ്റുമുട്ടാനുള്ളമനോധൈര്യം അവർക്ക് നഷ്ടമായിരിക്കുന്നു. അല്ലെങ്കിൽ ആധുനികമായ ആയുധങ്ങളുടെ അഭാവമാകാം ഇത്തരം പിന്മാറ്റത്തിന് കാരണം.
ഒരേ സമയത്ത് തന്നെ മറ്റു വിമതസംഘങ്ങൾ ലബനാൻ-ഇറാഖ്-ഇറാൻ അതിർത്തികളുടെ നിയന്ത്രണവും പിടിച്ചെടുത്തു എന്നത് അങ്ങേയറ്റം ഗൗരവതരമായ കാര്യമാണ്. ഇനി തലസ്ഥാനമായ ദമസ്കസിലേക്ക് നീങ്ങുകയാണെന്ന് എച്ച്ടിഎസ് കമാൻഡർ ഹസൻ അബ്ദുൽ ഗനിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബശ്ശാറുൽ അസദിന്റെ ഭരണം അവസാനിപ്പിക്കാൻ സമയമായെന്നാണ് വിമതർ പറയുന്നത്.
2011ൽ തുടങ്ങിയതാണ് സിറിയയിലെ ആഭ്യന്തരയുദ്ധം. രാജ്യത്തിന്റെ പല മേഖലകളും വിവിധ വിമതവിഭാഗങ്ങൾ പിടിച്ചെടുത്തിരിക്കുകയാണ്. ഇറാന്റെയും റഷ്യയുടെയും, ഷിയാ സായുധവിഭാഗങ്ങളുടെയും സഹായത്തോടെയാണ് നേരത്ത ഇവിടെ നിന്ന് വിമതരെ ബശ്ശാറുൽ അസദിന്റെ സൈന്യം തുരത്തിയിരുന്നത്. ആ പ്രദേശങ്ങളെല്ലാം ഇപ്പോൾ ശക്തമായ ആക്രമണത്തിലൂടെ വിമതർ തിരിച്ചുപിടിക്കുകയാണ്.
അസദിനെ സഹായിക്കുന്ന റഷ്യ, യുക്രൈൻ യുദ്ധത്തിലും, ഇറാൻ-ഇസ്രായേൽ യുദ്ധത്തിലും ഇടപെട്ട സമയം നോക്കിയാണ് വിമതരുടെ തിരിച്ചുവരവ് ഉണ്ടായത്. റഷ്യയുടെ സാന്നിധ്യം ഉള്ളപ്പോൾ അവിടെ ആക്രമണം നടത്തുന്നത് ആത്മഹത്യാപരമാണെന്ന് വിമതർക്ക് അറിയാവുന്ന കാര്യമാണ്.
ഇപ്പോൾ വിമതർ ദമസ്കസിലെത്തിയാൽ, അവിടെ യുദ്ധ സമാനമായ ഒരു ഏറ്റുമുട്ടൽ നടന്നാൽ, പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടക്കൊലയ്ക്ക് ലോകം വീണ്ടും സാക്ഷ്യംവഹിക്കേണ്ടി വരും. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിറിയയിൽനിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്മാരോട് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയിലെ കാര്യങ്ങൾ അങ്ങേയറ്റം ഗൗരവതരമായണ് ഇന്ത്യയും നോക്കി കാണുന്നത്. സിറിയയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രകൾ ഒഴിവാക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയിൽ ഉള്ളവരോട് എത്രയും പെട്ടെന്ന് ആ രാജ്യം വിട്ടു പോരണമെന്നും അറിയിപ്പ് വന്നിട്ടുണ്ട്. ഏതുനിമിഷവും ഒരു യുദ്ധം തന്നെയാണ് അവിടെ നടക്കാൻ പോകുന്നത്.
കാര്യങ്ങൾ ഇനി ഇറാന്റെയും റഷ്യയുടെയും കൈകളിലാണ്. ഇവർ രണ്ടു കൂട്ടരുടെയും ഭാഗത്ത് നിന്നും കാര്യമായ സൈനിക ഇടപെടൽ ഉണ്ടായില്ലെങ്കിൽ, സിറിയ വിമതർ പിടിച്ചെടുക്കും. ബഷാറുൽ അസദിനെ അവർ സ്ഥാന ഭ്രഷ്ടനാക്കും. റഷ്യയും ഇറാനുമാണ് പ്രധാനമായും സിറിയന്‍ സര്‍ക്കാരിനെ പിന്തുണച്ചു വരുന്നത്. അതേസമയം തുര്‍ക്കി, പാശ്ചാത്യ ശക്തികള്‍, ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ എന്നിവര്‍ വിമതരെയാണ് സപ്പോർട്ട് ചെയ്യുന്നത്. വിമതരായ സുന്നി ഗ്രൂപ്പുകള്‍ക്കാണ് സൗദി പിന്തുണ നല്‍കുന്നത്. ഇതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ അന്ത്യന്തം രൂക്ഷമായി.
എന്നാല്‍ നിലവിലെ സാഹചര്യം സിറിയന്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയായേക്കും. റഷ്യ വ്യോമാക്രമണം
നടത്തി രംഗത്ത് വന്നെങ്കിലും, മുമ്പ് നല്കിയതുപോയുള്ള പിന്തുണ റഷ്യയുടേയും ഇറാന്റെയും ഭാഗത്ത് നിന്ന് അവര്‍ക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. യു എന്നിൽ സിറിയക്കെതിരെ വന്ന പ്രമേയങ്ങൾ വീറ്റോ ചെയ്തു ഒഴിവാക്കിയിരുന്ന രാജ്യമാണ് റഷ്യ. ഇപ്പോൾ റഷ്യ യുക്രൈനുമായി യുദ്ധം തുടരുന്ന സാഹചര്യത്തിൽ പഴയതുപോലെ സിറിയയെ സഹായിക്കാന്‍ റഷ്യക്ക് കഴിഞ്ഞെന്ന് വരില്ല.
ഇറാന്റെ പിന്തുണയുള്ള ഹമാസും ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തലാണ്. അതിനാല്‍ തന്നെ വിമതര്‍ ആക്രമണം ശക്തമാക്കിയാല്‍ ഇറാൻ നൽകുന്ന പിന്തുണ എത്രത്തോളം ഉണ്ടാകുമെന്ന് കണ്ടറിയണം. ചുരുക്കി പറഞ്ഞാൽ അസദ് സര്‍ക്കാരിന് ഇത് നിർണ്ണായകമായൊരു പരീക്ഷണകാലം തന്നെയാണ്.