കലിയടങ്ങാതെ വീണ്ടും ഇസ്രയേലിനെ ആക്രമിച്ച് ഹൂതികൾ; മധ്യ ഇസ്രയേൽ നഗരമായ യാവ്നെക്കുനേരെ
ഡ്രോൺ ആക്രമണം
ഒരു കാരണവശാലും ഇസ്രയേലുമായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഒരിക്കൽ കൂടെ ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് ഹൂതികൾ. മധ്യ ഇസ്രയേൽ നഗരമായ യാവ്നെക്കുനേരെ ഇന്നലെ യെമനിലെ ഹൂതി വിമിതരുടെ ഡ്രോൺ ആക്രമണം ഉണ്ടായി. നഗരത്തിലെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ ഡ്രോൺ ഇടിച്ച് സ്ഫോടനം ഉണ്ടായതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. പെന്റ്ഹൗസ് അപ്പാർട്ട്മെന്റിന്റെ 15-ാം നിലയിലെ ബാൽക്കണിയിലാണ് ഡ്രോൺ ഇടിച്ചത്. തീപിടുത്തവും നാശനഷ്ടവും ഉണ്ടായാതായും സൈന്യം സ്ഥിരീകരിച്ചു. എന്നാൽ ആളാപയം ഇല്ലെന്നും സൈന്യം പറയുന്നുണ്ട്.
ഹൂതികളുടെ ഡ്രോൺ ആയിരകണക്കിന് കിലോമീറ്റർ സഞ്ചരിച്ചാണ് ഇസ്രയേലിൽ കടന്ന് വന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത് . തെൽ അവീവിനും അഷ്ദോദിനും ഇടയിലുള്ള ഒരു നഗരമാണ് യാവ്നെ. എന്നാൽ , ഹൂതികൾ ഈ ഡ്രോൺ ആക്രമണത്തിൻറെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഡ്രോൺ നഗരത്തിന് മുകളിലൂടെ പറക്കുന്നതും കെട്ടിടത്തിൽ ഇടിച്ച് തീപിടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡ്രോൺ ഇസ്രയേൽ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്താനോ അതിനെ നേരിടാനോ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഡ്രോണിനെ വെടിവെച്ച് വീഴ്ത്താൻ ഒരു യുദ്ധവിമാനം ആകാശത്തേക്ക് എത്തിയെങ്കിലും, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
നഗരത്തിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങാത്തതും ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് ഹൂതികൾ ഇസ്രയേലിനെ ആക്രമിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഹൂതികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. എന്നാൽ, അവഎല്ലാം ലക്ഷ്യം കാണുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
ഇസ്രയേൽ അധിനിവേശ യുദ്ധത്തിൽ പ്രതിഷേധിച്ച് ഹൂതികൾ ഇതുവരെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചിട്ടുണ്ട്. ഒരു തവണ ആക്രമണത്തിൽ ടെൽ അവീവിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി രണ്ട് തവണ യെമനിൽ ഇസ്രയേൽ ബോംബാക്രമണം നടത്തുകയും ചെയ്തു. ഇപ്പോൾ വീണ്ടും യെമനിൽ ആക്രമണം നടത്താൻ ഇസ്രയേൽ പദ്ധതിയിടുന്നതായ റിപ്പോർട്ടുകൾ ഞായറാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് ഹൂതികളുടെ പുതിയ ഡ്രോൺ ആക്രമണം ഉണ്ടായത്.
സ്ഫോടനം” ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിലിന് ശേഷം ആർക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇസ്രായേലിൻ്റെ മാഗൻ ഡേവിഡ് അഡോം എമർജൻസി സർവീസിൻ്റെ വക്താവ് പറയുന്നു.
നേരത്തെ ജൂലൈയിൽ, ടെൽ അവീവിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായപ്പോൾ ഒരു ഇസ്രായേലി സിവിലിയൻ കൊല്ലപ്പെട്ടിരുന്നു. അതോടെയാണ് യെമൻ തുറമുഖമായ ഹൊദൈദയിൽ തിരിച്ചടിക്കാൻ ഇസ്രായേൽ തീരുമാനിച്ചത്.
ഇപ്പോൾ ഹമാസ് ആക്രമണങ്ങൾ കുറച്ചെങ്കിലും, ഹിസ്ബുല്ലയും ഹൂഥികളും ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളുമായി ഇസ്രായേലിൽ ആക്രമണം നടത്തുന്നുണ്ട്. ഹൂതികൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ചെങ്കടൽ സിവഴിയെ പോകുന്ന ഇസ്രാഈലിന്റെയും, അമേരിക്കൻ സഖ്യ ശക്തികളുടെയും കപ്പലുകളെയാണ്. ഹൂതികളുടെ കടലിലെ ആക്രമണം വഴി വിവിധ രാജ്യങ്ങൾക്ക് നഷ്ടമായിരിക്കുന്നത് കോടിക്കണക്കിന് ഡോളറാണ്.