‘ഈ രാജ്യം ഒരുത്തൻ്റെയും തന്തയുടെ വകയല്ല‘: സമകാലിക രാഷ്ട്രീയത്തിൻ്റെ നേർക്കാഴ്ചയായി ജന ഗണ മന
അടിമുടി രാഷ്ട്രീയസ്വഭാവമുള്ള ‘ജന ഗണ മന‘ എന്ന ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ ടീസറിലും ട്രെയിലറിലുമെല്ലാം ചിത്രം ഉയർത്താൻ പോകുന്ന രാഷ്ട്രീയചർച്ചകലുടെ കൃത്യമായ സൂചനയുണ്ടായിരുന്നു എന്നതിനാൽ അത്തരം പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് പൃഥ്വിരാജ് നായകനായ ‘ജന ഗണ മന‘യുടെ റിലീസിനായി കാത്തിരുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ചിത്രത്തിൻ്റെ പ്രമേയത്തിൽ ഒരു പാൻ ഇന്ത്യൻ സ്വഭാവം സംവിധായകൻ ഡിജോ ജോസ് ആൻ്റണി നിലനിർത്തിയിട്ടുണ്ട്.
സംവിധായകൻ ഡിജോയും, നിർമ്മാതവും നായകനുമായ പ്രിഥ്വിരാജും പറഞ്ഞപോലെ പൂർണ്ണമായും തീയേറ്റർ അനുഭവത്തിനായി ഒരുക്കിയ സിനിമയാണ് ‘ജന ഗണ മന‘. ബാംഗ്ലൂർ നഗരം പശ്ചാത്തലമാക്കിയാണ് ചിത്രത്തിൻ്റെ കഥ മുന്നേറുന്നത്. അവിടെ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിനെ രണ്ടു ഭാഗങ്ങളായി തിരിച്ചാൽ ആദ്യപകുതി ഒരു സോഷ്യോ-പൊളിറ്റിക്കൽ ഡ്രാമയാണെങ്കിൽ രണ്ടാം പകുതി മികച്ച ഒരു ത്രില്ലറാണ്.
ജാതീയതയും വർഗ്ഗീയതയും അധികാര ദുർവിനിയോഗവും വിതയ്ക്കുന്ന വിപത്തുകളും സംഘർഷങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്നവർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സമൂഹത്തെ ഉപയോഗിക്കുമ്പോൾ വ്യവസ്ഥിതിയുടെ നൂൽപാവകളാകുന്ന ജനങ്ങളിൽ നിന്ന് ചിലർ ചരടുപൊട്ടിച്ച് ചാവേറുകളും വിപ്ലവകാരികളുമായി മാറും. അവർ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുക തന്നെ ചെയ്യും.
കാച്ചിക്കുറുക്കിയ ചില ഡയലോഗുകൾ തീവ്ര വലത് രാഷ്ട്രീയത്തെ പ്രത്യക്ഷമായും പരോക്ഷമായും തിരക്കഥയിൽ വിമർശിക്കുമ്പോൾ സംവിധായകനും തിരക്കഥാക്കൃത്തും മുന്നോട്ട് വെയ്ക്കുന്ന ഇടത് രാഷ്ട്രീയം സ്പഷ്ടമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയവും വടക്കേ ഇന്ത്യയിലും ഇങ്ങുകേരളത്തിൽ വരെയും എത്തിനിൽക്കുന്ന വർഗീയ രാഷ്ട്രീയത്തിൻ്റെ അക്രമസ്വഭാവവുമെല്ലാം ഒളിയും മറയുമില്ലാതെ ഈ ചിത്രം ചർച്ച ചെയ്യുന്നു.
ഒരു നൊൺലീനിയർ ശൈലിയിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ ചില ഘട്ടങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. കൂടിയ ദൈർഘ്യവും അതിനാടകീയത നിറഞ്ഞ കഥാസന്ദർഭങ്ങളും സിനിമയുടെ പൊലിമ കുറയ്ക്കുന്നുണ്ട്. ഇൻ്റർവെല്ലിന് ശേഷമുള്ള ഭാഗത്തെ അപേക്ഷിച്ചു ആദ്യഭാഗം ഒരു ശരാശരി അനുഭവമായി ഒതുങ്ങുന്നു. എങ്കിലും പ്രമേയത്തിൻ്റെ ശക്തി തീർച്ചയായും ജന ഗണ മനയെ ഒരു മികച്ച സിനിമയാക്കി മാറ്റുന്നുണ്ട്.
പൃഥ്വിരാജ് നായകനായ സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിൻ്റെ കരിയറിലെ തികച്ചും വേറിട്ടൊരു കഥാപാത്രമാണ് ACP സജ്ജൻ കുമാർ. സുരാജിലെ സർഗ്ഗനൈപുണ്യതെ പൂർണ്ണമായും ഉപയോഗിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വിൻസി അലോഷ്യസിൻ്റെ പ്രകടനവും അഭിനന്ദനാർഹമാണ്. അയ്യപ്പനും കോശിയും, പതിനെട്ടാം പടി എന്നി സിനിമകളിലൂടെ ശ്രദ്ധേയനായ സുദീപ് ഇളമനത്തിൻ്റെ മനോഹരമായ ഛായാഗ്രഹണമാണ് ചിത്രത്തിൻ്റെ മറ്റൊരു സവിശേഷത.
മാജിക് ഫിലിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, പ്രിഥ്വിരാജ് പ്രൊഡക്ഷൻ്റെ ബാനറിൽ സുപ്രിയ മേനോനുമാണ് ചിത്രം നിർമ്മിച്ചത്. ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥാക്കൃത്ത്. ശ്രീജിത് സാരംഗാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്.
Content Highlight: Jana Gana Mana: Reflection of contemporary politics- Movie Review.