വീണ്ടും ആക്രമണവുമായി പടയപ്പ; രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍
മൂന്നാറിൽ ഷൂട്ടിങ് സംഘത്തെ വിറപ്പിച്ച് കൊണ്ട് പടയപ്പ വീണ്ടും ശല്യം തുടങ്ങി. സീരിയൽ സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആന ആക്രമണം നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്.
സൈലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. ഓടിയെത്തിയ ആന വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.
അടുത്തിടെയായി പടയപ്പ അക്രമാസക്തനാകുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.