ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവം ; കേസെടുത്ത് മാനന്തവാടി പൊലീസ്
വയനാട്: ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത് .
സംഭവത്തില്‍ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര് സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ച വിവരം . എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല.അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര് മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം.
മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.